വീട്ടിലേക്ക് പോകുന്നതിനായി ഓട്ടോറിക്ഷ വിളിച്ചു; വിദ്യാർത്ഥിനികളുമായി ഡ്രൈവർ വേഗത്തിൽ പ്രധാന റോഡിൽ നിന്നും മാറി ഇടവഴിയിലേക്ക് കയറി; നിര്‍ത്താൻ പറഞ്ഞിട്ടും കൂട്ടാക്കിയില്ല; ഓട്ടോയിൽ നിന്നും പുറത്തേക്ക് ചാടിയ പെൺകുട്ടിക്ക് പരിക്ക്; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

Update: 2024-10-27 16:07 GMT

കൊല്ലം: കൊല്ലം ചെമ്മാൻമുക്കിൽ പ്ലസ് ടു വിദ്യാർത്ഥിനികളോട് ഓട്ടോ ഡ്രൈവറുടെ ക്രൂരത. പ്രധാന റോഡിൽ നിന്നും ഇടറോഡിലേക്ക് കയറിയ വാഹനം നിർത്താൻ ആവശ്യപ്പെട്ട വിദ്യാർത്ഥികളോട് ഡ്രൈവർ അപമര്യാദയായി പെരുമാറി. തുടർന്ന് പേടിച്ച് ഓട്ടോ റിക്ഷയിൽ നിന്നും പുറത്തേക്ക് ചാടിയ വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ കരിക്കോട് സ്വദേശി നവാസിനെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവമുണ്ടായത്.

ട്യൂഷൻ കഴിഞ്ഞ് പ്ലസ് ടു വിദ്യാർത്ഥിനികൾ വീട്ടിലേക്ക് പോകുന്നതിനായി പതിവായി ഓട്ടോ കയറുന്ന സ്റ്റാൻഡിൽ നിന്നും സവാരി ലഭിച്ചിരുന്നില്ല. തുടർന്ന് പ്രധാന റോഡിൽ കണ്ട കരിക്കോട് സ്വദേശി നവാസിന്‍റെ ഓട്ടോയിൽ കയറിയത്. എന്നാൽ കുറച്ച് ദൂരം സഞ്ചരിച്ചതോടെ ഓട്ടോയുടെ വേഗത നവാസ് കൂട്ടി. ശേഷം വാഹനം പ്രധാന റോഡിൽ നിന്നും മാറി ഇടവഴിയിലേക്ക് കയറിയതോടെ പെൺകുട്ടികൾ പരിഭ്രാന്തിയിലായി.

പ്രധാന റോഡിലൂടെ പോകാൻ വിദ്യാര്‍ത്ഥിനികള്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ കൂട്ടാക്കിയില്ല. കൂടാതെ പെൺകുട്ടികളോട് കയർത്ത് സംസാരിക്കുകയും ചെയ്തു. ഇതോടെ ഓട്ടോ നിർത്താൻ നവാസിന് ഉദ്ദേശമില്ലെന്ന് മനസ്സിലാക്കിയ പെൺകുട്ടികളിൽ ഒരാൾ ഓട്ടോയിൽ നിന്നും പുറത്തേക്ക് ചാടുകയായിരുന്നു.

വാഹനത്തിൽ നിന്നും വീണ കുട്ടിയുടെ കാലിനും കൈയ്ക്കും പരിക്കുണ്ട്. പെൺകുട്ടി ഓട്ടോയിൽ നിന്നും ചാടിയിട്ടും കുറച്ച് അകലെ വാഹനം നിർത്തിയാണ് മറ്റൊരു കുട്ടിയെ ഡ്രൈവർ ഇറക്കിവിട്ടത്. തുടര്‍ന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ ഈസ്റ്റ് പോലീസിൽ പരാതി നൽകി.

തുടർന്ന്, പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവർ നവാസ് പിടിയിലായത്. കുട്ടികളുമായി ഓട്ടോറിക്ഷയിൽ പോയ സ്ഥലത്ത് പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി.

Tags:    

Similar News