ഓട്ടോറിക്ഷകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കരിപ്പൂര്‍ വിമാനത്താവളം; പിഴ ചുമത്തുമെന്നും അറിയിപ്പ്: പ്രതിഷേധം കനത്തതോടെ പിന്‍വാങ്ങല്‍
ഓട്ടോറിക്ഷകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കരിപ്പൂര്‍ വിമാനത്താവളം; പ്രതിഷേധം കനത്തതോടെ പിന്‍വാങ്ങല്‍
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഓട്ടോറിക്ഷകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. പിഴ ചുമത്തുമെന്ന് കാണിച്ച് വിമാനത്താവളം അധികൃതര്‍ ബോര്‍ഡ് സ്ഥാപിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെ അധികൃതര്‍ പിന്‍വാങ്ങി. കഴിഞ്ഞ ദിവസമാണ് ഇങ്ങനെയൊരു ബോര്‍ഡ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്ഥാപിച്ചത്. വിലക്ക് ലംഘിച്ച് അകത്ത് പ്രവേശിച്ചാല്‍ 500 രൂപ പിഴ ഇടാക്കുമെന്നും ബോര്‍ഡില്‍ മുന്നറിയിപ്പ് ഉണ്ട്.
വാഹനങ്ങള്‍ കടന്ന് പോകുന്ന പ്രധാന കവാടത്തിന് മുന്നിലായിരുന്നു ബോര്‍ഡ് സ്ഥാപിച്ചത്. ഓട്ടോറിക്ഷകളോടുള്ള അവഗണനയ്‌ക്കെതിരെ ഡ്രൈവര്‍മാരും ജനപ്രതിനിധികളും യാത്രക്കാരും ഒരുപോലെ രംഗത്തെത്തി. കരിപ്പൂരില്‍ ബസ് ഇറങ്ങി വിമാനത്താവളത്തിലേക്ക് എത്താന്‍ ഒട്ടേറെ പേര്‍ ആശ്രയിക്കുന്നത് ഓട്ടോറിക്ഷകളെയാണ്.
കുറഞ്ഞ ചെലവിലുള്ള ഓട്ടോറിക്ഷ യാത്ര തടഞ്ഞാല്‍ അത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുക. ഏഷ്യാനെറ്റ് ന്യൂസ് ബോര്‍ഡിന്റെ ദൃശ്യം പകര്‍ത്തി മിനുട്ടുകള്‍ക്കുള്ളില്‍ എയര്‍പോര്‍ട്ട് അധികൃതര്‍ എത്തി ബോര്‍ഡ് നീക്കം ചെയ്തു. ബോര്‍ഡ് സ്ഥാപിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്നാകണം ഇപ്പോള്‍ ഓട്ടോറിക്ഷകള്‍ തടയുന്നില്ല.