തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം; 12 മുതല്‍ മഴ ശക്തമാകും
തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം; 12 മുതല്‍ മഴ ശക്തമാകും
കാസര്‍കോട്: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടു. അടുത്ത ദിവസങ്ങളില്‍ ശക്തി പ്രാപിക്കുന്ന ന്യൂനമര്‍ദത്തിന്റെ ഫലമായി സംസ്ഥാനത്തെ മധ്യ-തെക്കന്‍ ജില്ലകളില്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി. പതിനൊന്നോടെ ശ്രീലങ്ക-തമിഴ്നാട് തീരത്തിനു സമീപം എത്തുമെങ്കിലും നിലവിലെ സൂചനപ്രകാരം 12 മുതലായിരിക്കും സംസ്ഥാനത്ത് മഴ ശക്തമാകുക. രണ്ടാഴ്ചയ്ക്കിടെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന രണ്ടാമത്തെ ന്യൂനമര്‍ദമാണിത്.
നവംബര്‍ 29-ന് രൂപപ്പെട്ട ന്യൂനമര്‍ദം ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റായി 30-ന് രാത്രിയോടെ തമിഴ്നാട് തീരത്ത് കരതൊട്ടിരുന്നു. ഈ വര്‍ഷത്തെ നാലാമത്തെയും തുലാവര്‍ഷ സീസണിലെ രണ്ടാമത്തെയും ചുഴലിക്കാറ്റായിരുന്നു അത്. ഇതിന്റെ ഫലമായി തമിഴ്നാട്, പുതുച്ചേരി, കേരളം എന്നിവിടങ്ങളില്‍ ശക്തമായ മഴ ലഭിച്ചിരുന്നു. കരതൊട്ട ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി ശക്തികുറഞ്ഞ് വടക്കന്‍ കേരളത്തിനും കര്‍ണാടകയ്ക്കും മുകളിലൂടെ അറബിക്കടലില്‍ പ്രവേശിക്കുകയായിരുന്നു. സാധാരണ ഡിസംബറില്‍ മുഴുവന്‍ ലഭിക്കേണ്ട ശരാശരി മഴയേക്കാള്‍ ഇരട്ടിയലധികം മഴയാണ് ഈ രണ്ടുദിവസം മാത്രം ലഭിച്ചത്.
പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ 11ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 12ന് പത്തനംതിട്ടയ്ക്കും ഇടുക്കിക്കും പുറമേ മലപ്പുറം ജില്ലയിലും യെലോ അലര്‍ട്ട് ഉണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കാം. ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഇന്ന് ഇടത്തരം മഴയ്ക്കു സാധ്യതയുണ്ട്. കേരള തീരത്ത് 55 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. മത്സ്യബന്ധനത്തിനു തടസ്സമില്ല.