കാറിലെത്തിയവർ ബൈക്ക് യാത്രികരെ ഇടിച്ചിട്ടു; പിന്നാലെ ആക്രമണം അഴിച്ചുവിട്ട് അഞ്ചംഗ സംഘം; കേസെടുത്ത് പോലീസ്; സംഭവം പെരിങ്ങോട്

Update: 2025-01-16 06:19 GMT

ഒറ്റപ്പാലം: പാലക്കാട് പെരിങ്ങോട് ബൈക്ക് യാത്രികരെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം നടന്നതായി വിവരങ്ങൾ. നിലത്ത് വീണ ഇരുവരേയും മാരകായുധങ്ങൾ കൊണ്ട് ആക്രമിച്ച ശേഷം അക്രമികൾ രക്ഷപ്പെടുകയും ചെയ്തു. ചാലിശ്ശേരി പൊലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ്. ഇന്നലെ രാത്രി 8 മണിക്കാണ് സംഭവം.

കറുകപുത്തൂർ - പെരിങ്ങോട് പാതയിൽ പെട്രോൾ പമ്പിന് സമീപമാണ് ആക്രമണം നടന്നത്. ഇരുചക്ര വാഹനത്തിൽ വരികയായിരുന്ന യുവാക്കളെ കാറിൽ പിന്തുടർന്നെത്തിയ ഒരു സംഘം അക്രമികൾ ഇടിച്ചു വീഴ്ത്തി. അതിനു ശേഷം മാരാകായുധങ്ങൾ ഉപയോഗിച്ച് യാതൊരു പ്രകോപനവും കൂടാതെ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മതുപ്പുള്ളി സ്വദേശിയായ താനിയിൽ രഞ്ജിത്, ഇ.പി. രഞ്ജിത് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവർക്കും തലക്കും കൈക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. വിവരമറിഞ്ഞ് ചാലിശ്ശേരി പോലീസ് ആശുപത്രിയിലും സംഭവസ്ഥലത്തുമെത്തി പരിശോധന നടത്തുകയും ചെയ്തു.

Tags:    

Similar News