വെള്ളാപ്പള്ളി മൂന്ന് ലക്ഷം രൂപ സംഭാവനയായി തന്നു, അതിനെല്ലാം കൃത്യമായ കണക്കുണ്ട്; പക്ഷെ വഴി വിട്ടൊന്നും ചെയ്തിട്ടില്ല; കണക്ക് വെളിപ്പെടുത്തി ബിനോയ് വിശ്വം

വെള്ളാപ്പള്ളി മൂന്ന് ലക്ഷം രൂപ സംഭാവനയായി തന്നു, അതിനെല്ലാം കൃത്യമായ കണക്കുണ്ട്

Update: 2026-01-05 11:28 GMT

ഇടുക്കി: വെള്ളാപ്പള്ളി നടേശനില്‍ നിന്നും വാങ്ങിയ പണത്തിന്റെ കണക്കു വെളിപ്പെടുത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മൂന്ന് ലക്ഷം രൂപയാണ് വെള്ളാപ്പള്ളി നടേശന്‍ സംഭാവനയായി തന്നതെന്നും അതിനെല്ലാം കൃത്യമായ കണക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. പണം പിരിച്ചതിന് കണക്കുണ്ട്, അതിന്റെ ഉത്തരവാദിത്തമുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ വഴിവിട്ട യാതൊരു പ്രവര്‍ത്തിയും ചെയ്യില്ലെന്നും അന്നുതന്നെ വ്യക്തമാക്കിയിരുന്നതായും ബിനോയ് വിശ്വം പറഞ്ഞു.

ഇടുക്കി ജില്ലയില്‍ സി.പി.ഐയുടെ പ്രവര്‍ത്തക കണ്‍വെന്‍ഷനിലായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. 'ആലപ്പുഴ ജില്ലയില്‍ വെള്ളാപ്പള്ളിയുടെ അടുത്ത് പോയിരുന്നു. രാഷ്ട്രീയം പറഞ്ഞതിന് ശേഷം വിരോധമില്ലെങ്കില്‍ സംഭവന തരണമെന്ന് ആവശ്യപ്പെട്ടു. എത്രവേണമെന്ന് അദ്ദേഹം ചോദിച്ചു. സി.പി.ഐ ആരുടെ പക്കലും ഒന്നും ഏല്‍പ്പിച്ചിട്ടില്ല. ഇഷ്ടമുള്ളത് തരണമെന്ന് പറഞ്ഞു. അതിന് പകരമായി വഴിവിട്ട ഒരു സഹായവും ചെയ്യില്ലെന്നും പറഞ്ഞു.

അകത്തുപോയി പണത്തിന്റെ പൊതിയുമായി തിരിച്ചുവന്നു. ഒന്നല്ല, രണ്ടല്ല മൂന്ന് ഉണ്ടെന്ന് പറഞ്ഞു. സി.പി.ഐ വന്ന് പണം പിരിച്ചിട്ട് പോയി. എന്ന പറഞ്ഞതുകൊണ്ടാണ് ഇത് പറയുന്നത്. സി.പി.ഐ തെരഞ്ഞടുപ്പിനും മറ്റും പണം പിരിച്ചിട്ടുണ്ട്. അതിന് കണക്കുണ്ട്. ഉത്തരവാദിത്തവുമുണ്ട്'- ബിനോയ് വിശ്വം പറഞ്ഞു.

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുഖ്യമന്ത്രിയും സി.പി.എമ്മും നല്‍കുന്ന സംരക്ഷണത്തെ പരസ്യമായി തള്ളിപ്പറഞ്ഞും തുറന്നടിച്ചും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേരത്തേ രംഗത്തെത്തിയിരുന്നു. വെള്ളാപ്പള്ളിയല്ല എല്‍.ഡി.എഫെന്നും ചതിയന്‍ ചന്തു എന്ന പേരും തൊപ്പിയും ആയിരം വട്ടം ചേരുക ആ തലക്കാണെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ കാറില്‍ വെള്ളാപ്പള്ളി കയറിയതുമായി ബന്ധപ്പെട്ട ചോദ്യമുയര്‍ന്നപ്പോള്‍ 'അദ്ദേഹത്തെ കണ്ടാല്‍ ഞാന്‍ ചിരിക്കും, ചിലപ്പോള്‍ കൈ കൊടുക്കും, പക്ഷേ കാറില്‍ കയറ്റില്ല' എന്ന് ബിനോയ് വിശ്വം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

Tags:    

Similar News