എമ്പുരാന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി; ബിജെപി അംഗത്തെ സസ്‌പെൻഡ് ചെയ്തു; നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

Update: 2025-04-01 09:51 GMT

കൊച്ചി: എമ്പുരാന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി നല്‍കിയ ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം വി വി വിജീഷിനെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗത്വത്തിൽ നിന്നാണ് വി വി വിജീഷിനെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരിലായിരുന്നു പാർട്ടി നടപടി. സിനിമ രാജ്യ വിരുദ്ധത പ്രചരിപ്പിക്കുന്നുവെന്നും മതവിദ്വേഷത്തിന് വഴിമരുന്നിടുന്നതാണെന്നുമാണ് ഹർജിയിലെ ആരോപണം.

വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം, ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ്, ടീം എമ്പുരാന്‍, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി. പ്രതിരോധമന്ത്രാലയത്തിന്റേയും കേന്ദ്ര ഏജന്‍സികളുടേയും വിശ്വാസ്യത തകര്‍ക്കുന്ന രീതിയിലുള്ള രംഗങ്ങളും പരാമര്‍ശങ്ങളും സിനിമയിലുണ്ടെന്നും ഹർജിയിൽ പറയുന്നു.

​ഗുജറാത്ത് കലാപവും അനാവശ്യമായി സിനിമയില്‍ ഉള്‍പ്പെടുത്തി. ഇത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാന്‍ ഇടയാക്കുന്നതാണ്. സിനിമക്കെതിരെ വാര്‍ത്താവിതരണ മന്ത്രാലയത്തിന് അടക്കം പരാതി നല്‍കിയിരുന്നു എന്നാല്‍ നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തില്‍ കോടതി ഇടപെട്ട് സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവെപ്പിക്കണമെന്ന് ബിജെപി നേതാവ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

സിനിമയില്‍ മതവിദ്വേഷ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയത് ഡിജിപി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വര്‍ഗീയ സംഘര്‍ഷത്തിന് ബോധപൂര്‍വമായ ശ്രമം ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കണം. പൃഥ്വിരാജ് തുടര്‍ച്ചയായി തന്റെ സിനിമകളിലൂടെ കേന്ദ്രസര്‍ക്കാരിനെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും ബിജെപി നേതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു.

അതേസമയം, എല്ലാം ബിസിനസ് ആണെന്നായിരുന്നു എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണം. ആളുകളെ ഇളക്കി വിട്ട് പണം ഉണ്ടാക്കുന്നുവെന്നും സുരേഷ് ഗോപി ആരോപിച്ചു.

വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതോടെ ആദ്യ ഭാഗങ്ങളിലെ 2 മിനിറ്റ് 8 സെക്കന്റ് രംഗം വെട്ടി മാറ്റി ചിത്രം ഇന്ന് വീണ്ടും പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ് ചിത്രം. ഗുജറാത്ത് കലാപത്തിന്റെ റഫറന്‍സുള്ള രംഗങ്ങളായിരുന്നു സംഘപരിവാറില്‍ നിന്നും വിമര്‍ശനമുണ്ടാക്കിയത്. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗം ഒഴിവാക്കി. വിവാദമായ വില്ലന്റെ ബജ്രംഗി എന്ന പേര് മാറ്റിയും ചില സ്ഥലത്തിന്റെ പേരും അന്വേഷണ ഏജന്‍സികളുടെ ബോര്‍ഡും വെട്ടിമാറ്റിയാണ് റീഎഡിറ്റിംഗ്.

Tags:    

Similar News