രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കുന്നതിനിടെ ഉഗ്രശബ്ദം; നെടുമങ്ങാട് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ അപകടം; മൂന്ന് ജീവനക്കാർക്ക് പരിക്ക്; ഒരാളുടെ നില അതീവ ഗുരുതരം
തിരുവനന്തപുരം: നെടുമങ്ങാട് അഴീക്കോട്ടെ ഒരു ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് ജീവനക്കാർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ പ്രഭാത ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. ഇവരെ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റ ജീവനക്കാരിൽ നവാസ് എന്നയാളുടെ നില അതീവ ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം. പരിക്കേറ്റ മറ്റ് രണ്ട് പേർക്കും തീവ്ര പരിചരണം ആവശ്യമുണ്ട്. അപകടത്തിൻ്റെ യഥാർത്ഥ കാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. പാചകത്തിനായി ഉപയോഗിച്ചിരുന്ന ഗ്യാസ് സിലിണ്ടർ ആണോ അതോ പ്രഷർ കുക്കർ ആണോ പൊട്ടിത്തെറിച്ചതെന്ന കാര്യത്തിൽ ഇപ്പോഴും സംശയം നിലനിൽക്കുന്നുണ്ട്.
സംഭവത്തെ തുടർന്ന് പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. ഹോട്ടൽ ജീവനക്കാർക്ക് സംഭവിച്ച അപകടം നെടുമങ്ങാട് പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.