ഫോൺ നമ്പർ ബ്ലോക്ക് ചെയ്തതിൽ വൈരാഗ്യം; ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ചു കയറി യുവതിയെ ഹെൽമറ്റ് കൊണ്ട് ആക്രമിച്ചു; യുവാവ് അറസ്റ്റിൽ
തൃശൂർ: ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ചു കയറി യുവതിയെ ഹെൽമറ്റ് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പുതുക്കോട് സ്വദേശി ജിജോ (27) ആണ് കൊരട്ടി പോലീസിന്റെ പിടിയിലായത്. ഫോൺ നമ്പർ ബ്ലോക്ക് ചെയ്തതിലുള്ള വിരോധത്തിലായിരുന്നു ആക്രമണം. കൊരട്ടി ഉല്ലാസ് നഗറിലെ ലേഡീസ് ഹോസ്റ്റലിലാണ് സംഭവം.
ഓഗസ്റ്റ് 24-ന് പുലർച്ചെ 12:30 ഹോസ്റ്റലിന്റെ സിറ്റൗട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതി, അസഭ്യം പറയുകയും യുവതിയെ ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു. തുടർന്ന് കല്ലെറിഞ്ഞ് ഹോസ്റ്റലിന്റെ ജനൽച്ചില്ലുകളും തകർത്തു. ആക്രമണത്തിനിരയായ യുവതിയും പാലക്കാട് പുതുക്കോട് സ്വദേശിനിയാണ്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത കൊരട്ടി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് ഇയാൾക്കെതിരെ എറണാകുളം ടൗൺ പോലീസ് സ്റ്റേഷനിലും കേസുള്ളതായി പോലീസ് അറിയിച്ചു. കൊരട്ടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അമൃതരംഗൻ, സബ് ഇൻസ്പെക്ടർ ഷാജു ഒ.ജി, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിനു വർഗീസ്, സിവിൽ പോലീസ് ഓഫീസർ ജിതിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.