റോഡിലെ കുഴിയിൽ വീണ് അച്ചുമോന്റെ ആക്സിൽ ഒടിഞ്ഞു; നിയന്ത്രണം തെറ്റി നേരെ വൈദ്യുതി പോസ്റ്റിലിടിച്ച് പാടത്തേക്ക് ചെരിഞ്ഞു; യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു; കണ്ണഞ്ചേരി ഭാഗത്ത് നടന്നത്
ഹരിപ്പാട്: റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം തെറ്റിയ ബസ് വൈദ്യുതി പോസ്റ്റിലിടിച്ച് നിന്നു. ഉടനെ ബസ് സമീപത്തെ പാടത്തേക്ക് ചരിഞ്ഞു. ആനാരി വടക്കേക്കരയിലെ പായിപ്പാട് -കണ്ണഞ്ചേരി റോഡിൽ ആനാരി ഗുരുമന്ദിരത്തിനു സമീപമാണ് സ്വകാര്യ ബസ് അപകടത്തിൽ പെട്ടത്.
തൃക്കുന്നപ്പുഴ-ആയാപറമ്പ് പാണ്ടി റൂട്ടിൽ ഓടുന്ന അച്ചുമോൻ എന്ന ബസാണ് റോഡിലെ കുഴിയിൽ വീണ് ആക്സിൽ ഒടിഞ്ഞതിനെ തുടർന്ന് നിയന്ത്രണം തെറ്റി റോഡരികിലെ വൈദ്യുത പോസ്റ്റിൽ ഇടിച്ചത്. തുടർന്ന് റോഡിന്റെ സംരക്ഷണ ഭിത്തിയിൽ തട്ടി നിന്നു. ഇടിയുടെ ആഘാതത്തിൽ വൈദ്യുത തൂൺ ഒടിഞ്ഞു വീണെങ്കിലും ഉടൻ വൈദ്യുത ബന്ധം തനിയെ വിച്ഛേദിച്ചതിനാൽ വൻ അപകടമാണ് ഒഴിവായത്.
രാവിലെ ആയതിനാൽ ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ബസ് സമീപത്തുള്ള കോതേരി പാടത്തേക്ക് മറിഞ്ഞിരുന്നെങ്കിൽ വലിയ അപകടം ആകുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തിൽ യാത്രക്കാരും ബസ് ജീവനക്കാരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.