വണ്ടിക്ക് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് കലിപ്പിലായി; ബൈക്കിലെത്തിയ സംഘം കാറിന്റെ ചില്ലുകൾ അടിച്ചുപൊട്ടിച്ചു; ബമ്പറും അടിച്ചുതകർത്തു; സംഭവം കേച്ചേരിയിൽ
തൃശൂർ: ബൈക്കിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് തൃശ്ശൂർ കേച്ചേരിയിൽ കുടുംബം സഞ്ചരിച്ച കാർ ഒരു സംഘം അടിച്ചുതകർത്തു. കേച്ചേരി ഊക്കയിൽ വീട്ടിൽ മുബാറക്ക് (42) എന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കാറിന് നേരെയാണ് ആക്രമണം ഉണ്ടായത്.
ഇന്ന് രാവിലെ 11:30 ഓടെ കേച്ചേരി റെനിൽ റോഡിൽ വെച്ചായിരുന്നു സംഭവം. കുടുംബത്തോടൊപ്പം സഞ്ചരിക്കുകയായിരുന്ന മുബാറക്കിന്റെ കാറിന് ബൈക്കിൽ എത്തിയ മൂന്നംഗ സംഘം സൈഡ് നൽകിയില്ലെന്ന് പറഞ്ഞ് തടഞ്ഞുനിർത്തുകയും തുടർന്ന് കല്ല് ഉപയോഗിച്ച് കാറിന്റെ മുൻവശത്തെയും ഇടതുവശത്തെയും ഗ്ലാസുകൾ അടിച്ചു തകർക്കുകയുമായിരുന്നു. കാറിന്റെ മുൻവശത്തെ ബമ്പറിനും കേടുപാടുകൾ സംഭവിച്ചു.
മുബാറക്കിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കുന്നംകുളം പോലീസ് കേസെടുക്കുകയും ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. റോഡിലെ തർക്കങ്ങൾ അക്രമത്തിലേക്ക് വഴിമാറിയ സംഭവം പ്രദേശത്ത് ഭീതി പരത്തി.