സ്‌കൂട്ടറിന് പിറകില്‍ തിരിഞ്ഞിരുന്ന് പെൺകുട്ടിയുടെ അപകട യാത്ര; ഹെൽമറ്റും ധരിച്ചിട്ടില്ല; ദൃശ്യങ്ങൾ പ്രചരിച്ചതോടെ അച്ഛനെതിരെ കേസ്; സംഭവം കോഴിക്കോട്

Update: 2025-02-03 09:02 GMT

കോഴിക്കോട്: സ്‌കൂട്ടറിന് പിറകില്‍ തിരിഞ്ഞിരുന്ന് അപകടകരമാം വിധത്തില്‍ യാത്ര ചെയ്യുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ നടപടിയുമായി പൊലീസ്. സംഭവത്തിൽ അച്ഛലെതിരെ പൊലീസ് കേസെടുത്തു. മാവൂർ സ്വദേശി ഷഫീഖിനെതിരെയാണ് കേസ്. സ്കൂട്ടറിന് പിന്നാലെ വന്ന മറ്റൊരു യാത്രക്കാരനാണ് ദൃശ്യങ്ങള്‍ പകർത്തിയത്. കഴിഞ്ഞ ദിവസം രാത്രി 9.30ഓടെയാണ് സംഭവം. കോഴിക്കോട് മാവൂര്‍-തെങ്ങിലക്കടവ് റോഡില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. കെഎല്‍ 11 ബിഇസഡ് 7624 നമ്പറിലുള്ള ഇലക്ട്രിക് സ്‌കൂട്ടറില്ലാണ് പത്ത് വയസ്സില്‍ താഴെ മാത്രം പ്രായമുള്ള പെണ്‍കുട്ടി അച്ഛനോടൊപ്പം യാത്രചെയ്തിരുന്നത്.

ഹെല്‍മെറ്റ് പോലും ധരിക്കാതെയായിരുന്നു അപകടകരമാം വിധത്തിലുള്ള യാത്ര. പിറകിൽ പെണ്‍കുട്ടി തിരിഞ്ഞിരുന്നാണ് സഞ്ചരിച്ചിരുന്നത്. കൈവശമുണ്ടായിരുന്ന ഫോണില്‍ ഇടക്കിടെ കുട്ടി നോക്കുന്നതും ദൃശ്യത്തില്‍ കാണാം. സാമാന്യം നല്ല വേഗതയതിലാണ് സ്‌കൂട്ടര്‍ സഞ്ചരിച്ചിരുന്നത്.


സംഭവത്തിൽ മാവൂർ സ്വദേശിയായ പെൺകുട്ടിയുടെ പിതാവായ ഷഫീഖിനെതിരെ അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. സ്കൂട്ടർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴയും ഈടാക്കി. യാത്രയുടെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയായിരുന്നു നടപടി. മാവൂര്‍ പോലീസ് ഷഫീഖിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയാണ് നടപടി സ്വീകരിച്ചത്.

Tags:    

Similar News