മരം മുറിക്കുന്നതിനായി റോഡിന് കുറുകെ വലിച്ചുകെട്ടിയ കയർ കഴുത്തിൽ കുടുങ്ങി; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം; ഭാര്യയും മക്കളും അദ്ഭുതകരമായി രക്ഷപ്പെട്ടു; മരംവെട്ടു തൊഴിലാളികൾക്കെതിരെ കേസെടുത്തേക്കും

Update: 2024-11-24 11:50 GMT

ആലപ്പുഴ: കഴുത്തിൽ കയർ കുരുങ്ങി ബൈക്കിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം. ആലപ്പുഴ തകഴി സ്വദേശി സെയ്ദ് (32) ആണ് മരിച്ചത്. മരം മുറിക്കുന്നതിനായി റോഡിന് കുറുകെ വലിച്ചുകെട്ടിയ കയർ സെയ്ദിന്റെ കഴുത്തിൽ കുരുങ്ങുകയായിരുന്നു. ഭാര്യയ്ക്കും രണ്ടു മക്കൾക്കും ഒപ്പം യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. എന്നാൽ അപകടത്തിൽ ഭാര്യയ്ക്കും മക്കൾക്കും സാരമായ പരിക്കുകളില്ല.

തിരുവല്ല മുത്തൂരിൽ വെച്ചായിരുന്നു അപകടം. മുത്തൂർ ഗവൺമെന്റ് സ്കൂൾ വളപ്പിൽ നിന്ന മരം മുറിക്കുന്നതിനായി റോഡിന് കുറുകെ വലിച്ചുകെട്ടിയ കയർ സെയ്ദിൻ്റെ കഴുത്തിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ യുവാവിന് ​ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിൽ ഭാര്യയും മക്കളും അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇവർക്ക് നിസാരമായി പരിക്കേറ്റിട്ടുണ്ട്. അതേസമയം, കരാറുകാരനും മരംവെട്ടു തൊഴിലാളികൾക്കുമെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Tags:    

Similar News