ചന്ദ്രന്‍പിള്ളയുടെ രാജി ആവശ്യപ്പെട്ട് ജി സി ഡി എയിലേക്ക് തള്ളിക്കയറി യൂത്ത് കോണ്‍ഗ്രസ്; സ്‌റ്റേജ് നിര്‍മ്മാണത്തില്‍ അഴിമതി ആരോപണം ശക്തം
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ ഉമ തോമസ് എം.എല്‍.എ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍ ജി.സി.ഡി.എ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറുകയും ചെയര്‍മാന്‍ കെ.ചന്ദ്രന്‍പിള്ളയെ ഉപരോധിക്കുകയുമായിരുന്നു.പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ജി.സി.ഡി.എ എക്സിക്യൂട്ടീവ് യോഗം നടക്കുന്നതിനിടെയാണ് പത്തോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. കെജെ മാക്സി എം.എല്‍.എ, പി വി ശ്രീനിജന്‍ എം.എല്‍.എ അടക്കമുള്ളവര്‍ യോഗത്തിന് എത്തിയിരുന്നു. ചന്ദ്രന്‍പിള്ള രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് തള്ളിക്കയറുകയും ഉപരോധിക്കുകയും ചെയ്തത്. തട്ടിക്കൂട്ട് സ്റ്റേജ് നിര്‍മിച്ചതിന് അനുമതി നല്‍കിയത് ജി.സി.ഡി.എ ആണ് എന്ന് കൂടി ആരോപിച്ചുകൊണ്ടാണ് പ്രതിഷേധിച്ചത്.