വെനസ്വേലയില്‍ അമേരിക്ക നടത്തിയ കടന്നുകയറ്റം ഭരണകൂട അട്ടിമറിയും നികൃഷ്ടമായ അധിനിവേശവുമെന്ന് മുഖ്യമന്ത്രി; കേന്ദ്രത്തിന്റെ മൗനത്തിനും വിമര്‍ശനം

വെനസ്വേലയില്‍ അമേരിക്ക നടത്തിയ കടന്നുകയറ്റം ഭരണകൂട അട്ടിമറിയും നികൃഷ്ടമായ അധിനിവേശവുമെന്ന് മുഖ്യമന്ത്രി

Update: 2026-01-08 13:26 GMT

തിരുവനന്തപുരം: വെനസ്വേലയിലെ യുഎസ് ഇടപെടലിനെ രൂക്ഷമായ ഭാഷയില്‍ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്ത് അസാധാരണമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും വെനസ്വേലയുടെ പരമാധികാരത്തെ മാനിക്കാതെ അമേരിക്ക നടത്തിയ കടന്നുകയറ്റം ഭരണകൂട അട്ടിമറിയും നികൃഷ്ടമായ അധിനിവേശവുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന മൗനത്തെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. അമേരിക്കയുടെ നടപടിക്കെതിരെ ലോകം ശബ്ദമുയര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു. രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിത്.

സംസ്ഥാനത്തെ അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ തുടര്‍പ്രക്രിയകളെക്കുറിച്ചും മുഖ്യമന്ത്രി വിശദീകരിച്ചു. പദ്ധതിയെ കരിവാരിത്തേക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത് ജനങ്ങള്‍ക്ക് എതിരായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളുടെ ആവശ്യങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞ് വിഭവങ്ങള്‍ വിന്യസിക്കുന്നതിന് ശാസ്ത്രീയമായ ആസൂത്രണം അനിവാര്യമാണെന്ന് സര്‍ക്കാര്‍ വിശ്വസിക്കുന്നതായും, ആസൂത്രണ പ്രക്രിയയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ട് കേരളം വികസന പാതയില്‍ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഈ വികസന മുന്നേറ്റം സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലും പ്രതിഫലിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തകര്‍ന്നുപോയ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങളെ കേരളം പ്രതിരോധിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമ്പത്തിക, സാമൂഹിക മേഖലകളില്‍ കേരളം കൈവരിക്കുന്ന പുരോഗതിയും ആഗോള വിഷയങ്ങളോടുള്ള സംസ്ഥാനത്തിന്റെ നിലപാടും വ്യക്തമാക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ ഈ വാര്‍ത്താസമ്മേളനം.

Tags:    

Similar News