'നഷ്ടപെട്ടത് 30 ബാഗുകൾ..'; പാർസൽ സാധനങ്ങൾ എത്തിക്കുന്നതിൽ വീഴ്ച വരുത്തി; പരാതിയിൽ ഏജൻസിക്ക് മുട്ടൻ പണി; 35,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി
കൊച്ചി: വിൽപ്പനക്കായി കൊണ്ടുവന്ന പാർസൽ സാധനങ്ങൾ യഥാസമയം വരുത്തുകയും പല സാധനങ്ങളും നഷ്ടമാവുകയും ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പാർസൽ സർവീസ് ഏജൻസി നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടു. ആലുവ അശോകപുരം സ്വദേശി കബീർ ആണ് പരാതി നൽകിയത്.
അദ്ദേഹം ജീവിതമാർഗം എന്ന നിലയിലാണ് മാസ്ക് ഉൾപ്പെടെയുള്ള സാധനങ്ങൾ കച്ചവടം ചെയ്തിരുന്നത്. ഇതിനുള്ള സാമഗ്രികളും മാസ്ക്കുകളും മറ്റും ഉൾപ്പെടുന്ന വസ്തുക്കൾ നോയിഡയിൽ നിന്നും വാങ്ങുകയും കൊച്ചിയിലേക്ക് പാർസൽ വഴി എത്തിക്കാൻ VRL ലോജിസ്റ്റിക് ഡൽഹി എന്ന പാർസൽ സർവീസ് സ്ഥാപനത്തെ ഏർപ്പാട് ചെയ്യുകയും ചെയ്തു. സാധനങ്ങൾ പലതും എത്തിച്ചുവെങ്കിലും 30 ബാഗുകൾ നഷ്ടപ്പെട്ടുവെന്ന് പരാതിക്കാരൻ പറയുന്നു.
ഇതിനെ സംബന്ധിച്ച് പരാതിയുമായി എതിർകക്ഷിയെ സമീപിച്ചെങ്കിലും യാതൊരു മറുപടിയും ലഭിച്ചില്ല. 30 ബാഗുകളുടെ നഷ്ടപരിഹാരം നൽകിയതുമില്ല. ഈ സാഹചര്യത്തിലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്താവ് കോടതിയെ സമീപിച്ചത്. അയച്ച വസ്തുക്കൾ സുരക്ഷിതമായി എത്തിക്കാനുള്ള നിയമപരമായ ചുമതല എതിർകക്ഷിക്ക് ഉണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി.
സാധുവായ യാതൊരു വിശദീകരണവും എതിർകക്ഷി കോടതിയിൽ ബോധിപ്പിച്ചില്ല. ഈ സാഹചര്യത്തിൽ അധാർമികമായ വ്യാപാര രീതി എതിർകക്ഷി അവലംബിച്ചു എന്ന് ബെഞ്ച് വ്യക്തമാക്കി. 30,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും 45 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്ന് എതിർകക്ഷിക്ക് കോടതി ഉത്തരവ് നൽകി. പരാതിക്കാരന് വേണ്ടി അഡ്വക്കേറ്റ് സിബിൻ വർഗീസ് കോടതിയിൽ ഹാജരായി.