പരീക്ഷ കഴിഞ്ഞ് ഇറങ്ങിയതും പ്ലസ്ടുക്കാരനെ വളഞ്ഞ് പത്തോളം വിദ്യാർഥികൾ; ക്രൂരമർദ്ദനത്തിൽ തോളെല്ലിനും കൈയ്ക്കും പൊട്ടൽ; കഴുത്തിലും പരിക്ക്; ഒരു പ്ലസ് വൺ വിദ്യാർത്ഥിക്ക് സസ്പെൻഷൻ

Update: 2026-02-08 13:23 GMT

കല്ലമ്പലം: പ്ലസ്ടു വിദ്യാർഥിയെ സഹപാഠികൾ ക്രൂരമായി മർദ്ദിച്ചതായി പരാതി. കെ.ടി.സി.ടി. സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയെയാണ് ഇതേ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളടങ്ങിയ സംഘം മർദിച്ചത്. ആലംകോട് കാവുനട എം.എ.ആർ. മൻസിലിൽ ആർ. നൗഫിയയുടെ മകൻ മുഹമ്മദ് സെയ്ദലിക്കാണ് മർദനമേറ്റത്. പ്ലസ്ടു കൊമേഴ്സ് വിദ്യാർഥിയാണ് സെയ്ദലി. മർദനത്തിൽ സെയ്ദലിയുടെ തോളെല്ലിനും കൈയ്ക്കും പൊട്ടലുകളും കഴുത്തിന് പരിക്കുമേറ്റു.

സംഭവവുമായി ബന്ധപ്പെട്ട് ഒരു പ്ലസ് വൺ വിദ്യാർഥിയെ സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ ജനുവരി 22-ന് സ്കൂളിലെ മോഡൽ പരീക്ഷയ്ക്കുശേഷം പുറത്തിറങ്ങിയ സെയ്ദലിയെ പത്തോളം വരുന്ന പ്ലസ് വൺ ഹ്യുമാനിറ്റീസ് ബാച്ചിലെ വിദ്യാർഥികൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. മർദനവിവരം സെയ്ദലി വീട്ടിൽ വിളിച്ചറിയിച്ചതിനെത്തുടർന്ന് മാതാവ് നൗഫിയ സ്കൂളിലെത്തുകയും അധികൃതരുടെ സഹായത്തോടെ കെ.ടി.സി.ടി. ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

സംഭവത്തിൽ സെയ്ദലിയുടെ മാതാവ് കല്ലമ്പലം പോലീസിലും സ്കൂൾ അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്. മാതാവ് നൽകിയ പരാതിക്ക് പുറമെ, സ്കൂൾ അധികൃതരും കല്ലമ്പലം പോലീസിൽ പരാതി സമർപ്പിച്ചിട്ടുണ്ട്.

Tags:    

Similar News