ഒന്ന് വൈറലാവാൻ നോക്കിയതാ, പക്ഷെ പണി പാളി; കോടതി നടപടികൾ റീൽസാക്കി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു; 24കാരനെ പോലീസ് അറസ്റ്റ് ചെയ്തു
മലപ്പുറം: സോഷ്യല്‍ മീഡിയയിൽ വൈറലാവാൻ ശ്രമം നടത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ഇയാൾ കോടതി നടപടികൾ റീൽസാക്കി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തിൽ 24കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഒമാനൂർ സ്വദേശി മൻസൂർ അലിക്കെതിരെയാണ് നടപടി. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്കകത്തെ നടപടി ക്രമങ്ങള്‍ ഫോണില്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയ റീല്‍സായി പ്രചരിപ്പിക്കുകയായിരുന്നു ഇയാൾ.
തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് റീലിസ് പ്രചരിപ്പിച്ചത്. കോടതി മുറിയില്‍ നടപടിക്രമങ്ങളുടേയും വനിതാ ജീവനക്കാരുടേയും വീഡിയോ അടക്കമാണ് ഇയാൾ ഫോണില്‍ ചിത്രീകരിച്ചത്. ഇയാള്‍ തന്‍റെ പേരിലെ ഒരു കേസുമായി ബന്ധപ്പെട്ടാണ് കോടതിയില്‍ എത്തിയത്. ഇതിനിടെയാണ് സംഭവമുണ്ടായത്. കോടതിയുടെ നപടിക്രമങ്ങള്‍ ഫോണില്‍ പകർത്തി സോഷ്യല്‍ മീഡിയയില്‍ വൈറലാവാൻ ഒരു ശ്രമം നടതുകയായിരുന്നു ഇയാൾ.
മലപ്പുറം പോലീസാണ് കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്തത്. കേരള പോലീസ് ആക്ടിലെ 120 (0), ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ 67 വകുപ്പ്, ഭാരതീയ ന്യായ സൻഹിത 73, 78 എന്നീ വകുപ്പുകള്‍ പ്രകാരം ഇയാൾക്കെതിരേറ്റ കേസെടുത്തിട്ടുണ്ട്. മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.