രണ്ട് വര്‍ഷം മുന്‍പ് പാര്‍ട്ടി കുടുംബ യോഗത്തില്‍ സംസാരിച്ച ദൃശ്യം തെരഞ്ഞെടുപ്പ് യോഗത്തിലേത് എന്ന രീതിയില്‍ പ്രചരിപ്പിച്ചു; വ്യാജവാര്‍ത്തയെന്ന് ആരോപിച്ചു റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ സിപിഐ പരാതി നല്‍കി

വ്യാജവാർത്ത; റിപ്പോർട്ടർ ടിവിക്കെതിരെ സിപിഐ പരാതി നൽകി

Update: 2024-11-14 16:26 GMT

കല്‍പ്പറ്റ: സിപിഐക്കെതിരെ റിപ്പോര്‍ട്ടര്‍ ചാനല്‍ ദുഷ്പ്രചാരണം നടത്തിയെന്ന് ആരോപിച്ച് വയനാട് ജില്ലാ സെക്രട്ടറി ഇ ജെ ബാബു. രണ്ട് വര്‍ഷം മുന്‍പ് പാര്‍ട്ടിയുടെ കുടുംബ യോഗത്തില്‍ സംസാരിച്ച ദൃശ്യം തെരഞ്ഞെടുപ്പ് യോഗത്തിലേത് എന്ന രീതിയില്‍ പ്രചരിപ്പിച്ചുവെന്നാണ് ആരോപണം. ഇത് വ്യാജവാര്‍ത്ത പ്രചരിപ്പിക്കലാണെന്ന് കാണിച്ച് ഡിജിപിക്കും തെരഞ്ഞെടുപ്പ് കമീഷനും പരാതി നല്‍കിയെന്നും ഇ ജെ ബാബു വ്യക്തമാക്കി.

സിപിഐയിലേക്ക് കുറച്ചാളുകള്‍ അംഗത്വമെടുത്തു വന്നപ്പോള്‍ അവര്‍ക്ക് നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുന്നതിന്റെ വീഡിയോ ആണ് റിപ്പോര്‍ട്ടര്‍ ചാനല്‍ തെരഞ്ഞെടുപ്പിന്റെ തലേദിവസം, സിപിഐ ജില്ലാ സെക്രട്ടറി ഇടതുപക്ഷ ഭരണത്തിനെതിരെ എന്നു പറഞ്ഞ് പ്രചരിപ്പിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്ത പുറത്തുവിട്ടത് ഗൂഡാലോചനയുടെ ഭാഗമായാണ്.

ചാനലിന്റെ ഉടമ ആന്റോ അഗസ്റ്റിന്‍ വയനാട്ടിലെ മരം മുറിയുമായി ബന്ധപ്പെട്ടു നടത്തിയിട്ടുള്ള കൊള്ളക്കെതിരെ സിപിഐ കൃത്യമായ നിലപാട് എടുത്തിരുന്നു. അതിന്റെ പ്രതികാരമെന്നോണമാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നവിധത്തില്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്ത ചാനല്‍ പുറത്തുവിട്ടതെന്നും ഇ ജെ ബാബു പറഞ്ഞു.

Tags:    

Similar News