'പ്രായം എങ്കിലും നോക്കണ്ടേ സുഹൃത്തേ'! കാലില്‍ ചവിട്ടിയതിന് വയോധികനെ ക്രൂരമായി തല്ലിച്ചതച്ച പ്രതിയെ അകത്താക്കി പൊലീസ്; പെരിന്തല്‍മണ്ണയില്‍ ബസില്‍ നടന്ന സംഭവത്തിലെ പ്രതിയെ പിടികൂടിയത് തമിഴ്‌നാട്ടില്‍ നിന്ന്
വയോധികനെ ക്രൂരമായി മര്‍ദ്ദിച്ച പ്രതിയെ തമിഴ്‌നാട്ടില്‍ നിന്ന് പിടികൂടി
പെരിന്തല്‍മണ്ണ: സ്വകാര്യ ബസില്‍ യാത്രക്കാരനായ വയോധികനെ ക്രൂരമായി മര്‍ദ്ദിച്ച പ്രതിയെ തമിഴ്‌നാട്ടില്‍ നിന്ന് പിടികൂടി. താഴേക്കാട് സ്വദേശി ഹംസയെയാണ് ബസില്‍ വെച്ച് പ്രതി ഷഹീര്‍ ബാവ ആക്രമിച്ചത്. മലപ്പുറം താഴേക്കോടില്‍ നിന്ന് കരിങ്കല്ലത്താണിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഹംസ.
ബസില്‍ വെച്ച് ഷഹീര്‍ ബാവ, ഹംസയുടെ കാലില്‍ ചവിട്ടിയതിനെ തുടര്‍ന്നാണ് വാക്കേറ്റവും തുടര്‍ന്ന് മര്‍ദ്ദനവുമുണ്ടായത്. കാലില്‍ ചവിട്ടരുതെന്ന് ആവശ്യപ്പെട്ടതിനാണ് അസഭ്യം പറഞ്ഞ് ആക്രമിച്ചതെന്ന് ഹംസയുടെ പരാതിയില്‍ പറയുന്നു. മര്‍ദ്ദനത്തില്‍ ഹംസയുടെ തലക്കും മൂക്കിനും പരിക്കേല്‍ക്കുകയും മൂക്കിന്റെ അസ്ഥിക്ക് പൊട്ടലുണ്ടാവുകയും ചെയ്തു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന്റെയും ബസ്സിനുള്ളില്‍ നിന്നുള്ള ദൃശ്യങ്ങളും കേരള പോലീസ് പങ്കുവെച്ചിട്ടുണ്ട്. 'പ്രായം എങ്കിലും നോക്കണ്ടേ സുഹൃത്തേ' എന്ന് കുറിച്ചാണ് പോലീസ് വീഡിയോ പങ്കുവെച്ചത്. പ്രതി തമിഴ്‌നാട്ടിലെ കമ്പത്ത് ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പോലീസിന്റെ നടപടിയെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രതിയെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കും.