വയോധികയെ ക്രൂരമായി മര്‍ദിച്ചു; ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചതോടെ മകന്‍ അറസ്റ്റില്‍; ഇയാള്‍ ലഹരി മരുന്നുകള്‍ക്ക് അടിമയെന്ന് പോലീസ്
ലഹരിക്ക് അടിമയായ മകന്‍ വയോധിക മാതാവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ അറസ്റ്റില്‍
തിരുവല്ല: ലഹരിക്ക് അടിമയായ മകന്‍ വയോധിക മാതാവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ അറസ്റ്റില്‍. പടിഞ്ഞാറ്റുംചേരി ലാപ്ലത്തില്‍ വീട്ടില്‍ സന്തോഷ് ( 48 ) ആണ് അറസ്റ്റിലായത്. ഇയാള്‍ മാതാവ് സരോജിനി ( 76) യെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
ഭാര്യയുമായി പിരിഞ്ഞു കഴിയുന്ന സന്തോഷും മാതാവ് സരോജിനിയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. കഞ്ചാവ് അടക്കം ഉള്ള വസ്തുക്കള്‍ ഉപയോഗിക്കുന്ന സന്തോഷ് മാതാവിനെ പതിവായി ഉപദ്രവിച്ചിരുന്നു. വ്യാഴാഴ്ച രാത്രിയും മര്‍ദ്ദിച്ചതോടെ സമീപത്ത് താമസിക്കുന്ന സന്തോഷിന്റെ സഹോദരി പുത്രന്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചു.
സംഭവം ശ്രദ്ധയില്‍പ്പെട്ട കവിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം ഡി ദിനേശ് കുമാര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തി സരോജിനിയുടെ മൊഴി രേഖപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് സന്തോഷിനെ അറസ്റ്റ് ചെയ്തത്.