വാടക ക്വാര്‍ട്ടേഴ്‌സ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന; കണ്ണൂരില്‍ കര്‍ണാടക സ്വദേശിനിയായ യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍
എം.ഡി.എം.എ വില്‍പ്പനക്കായി തമ്പടിച്ച മൂന്നംഗസംഘം പിടിയില്‍
കണ്ണൂര്‍ :ഇരിട്ടി ഉളിക്കലില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ എം.ഡി.എം.എ വില്‍പ്പനക്കായി തമ്പടിച്ച മൂന്നംഗസംഘം പിടിയില്‍.
കുടക് ജില്ലയിലെ അരീക്കാട് സ്വദേശി ബി.ഇ.അബ്ദുള്‍ഹക്കീം(32), ഉളിക്കല്‍നുച്ചിയാട് പൊമ്മാണിച്ചി വീട്ടില്‍ മുബഷീര്‍(31), കര്‍ണാടക ധാര്‍വാഡ് ഹൂബ്ലിയിലെ കോമള(32) എന്നിവരാണ് ഇന്നലെ വൈകുന്നേരം പിടിയിലായത്.
കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയിഡിലാണ് മൂന്നുപേരും പിടിയിലായത്.
2.175 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. നുച്ചിയാട് ഇബ്രാഹം ക്വാര്‍ട്ടേഴ്സിലാണ് ഇവര്‍ വാടകക്ക് താമസിച്ചിരുന്നത്. പൊലിസിനെ കണ്ടയുടന്‍ പ്രതികള്‍ മയക്കുമരുന്നിന്റെ വലിയൊരു ഭാഗം ടോയ്‌ലറ്റ് ക്‌ളോസെറ്റില്‍ ഇട്ടു നശിപ്പിച്ചിരുന്നു. എസ്.ഐ.കെ.സുരേഷ്, എ.എസ്.ഐ ഗീത, എ.എസ്.ഐ രാജീവ്, എസ്.സി.പി.ഒ സജേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.