ഇന്‍സ്റ്റാഗ്രാം പരിചയം: പതിമൂന്നുകാരിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി ലൈംഗികാതിക്രമം; യുവാവ് പിടിയില്‍
പതിമൂന്നുകാരിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി ലൈംഗികാതിക്രമം
പത്തനംതിട്ട: ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പതിമൂന്നുകാരിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കിക്കൊണ്ടുപോയി ലൈംഗികാതിക്രമം കാട്ടിയ കേസില്‍ യുവാവിനെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. മല്ലപ്പുഴശേരി കുഴിക്കാല ചരിവുപറമ്പില്‍ വീട്ടില്‍ വിമല്‍ വിജയന്‍(23) ആണ് പിടിയിലായത്. 2024 ഡിസംബറിലാണ് ഇരുവരും ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെടുന്നത്.
4 ന് രാത്രി 10.45 ന് ബൈക്കിലെത്തി യുവാവ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി കൈതക്കല്‍ വച്ച് ദേഹത്ത് കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു. വീട്ടുകാര്‍ അറിയിച്ചതനുസരിച്ച് ആറന്മുള പോലീസ് ഇയാളുടെ ഫോണിലേക്ക് വിളിച്ചതിനെതുടര്‍ന്ന്, കുട്ടിയെ തിരികെ വീട്ടില്‍ കൊണ്ടുവിട്ടശേഷം സ്ഥലംവിട്ടു. 5 ന് വനിതാ എസ് ഐ കെ ആര്‍ ഷെമിമോള്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച ആറന്മുള പോലീസ് പ്രതിയെ കുഴിക്കാലയില്‍ നിന്നും പിടികൂടി. ഇതിനുമുമ്പും ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതായി കുട്ടി പോലീസിനോട് വെളിപ്പെടുത്തി. രാത്രി 9.30 ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മല്ലപ്പള്ളിയിലുള്ള വാഹനഷോറൂമില്‍ വാട്ടര്‍ വാഷിംഗ് ജോലി ചെയ്തുവരികയാണ് പ്രതി. പ്രതിയെ തുടര്‍ നടപടികള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി. എസ് ഐ വി വിഷ്ണുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.