മദ്യപിച്ചു വന്ന് മാതാവിനെയും പെണ്‍മക്കളെയും മര്‍ദിച്ചു; തടയാന്‍ ശ്രമിച്ച മകളുടെ കൈ തല്ലിയൊടിച്ചു; പിതാവിനെ അറസ്റ്റ് ചെയ്ത് ഏനാത്ത് പോലീസ്
അമ്മയെയും പെണ്‍മക്കളെയും മര്‍ദ്ദിച്ച 42കാരന്‍ അറസ്റ്റില്‍
അടൂര്‍: സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുന്ന പിതാവ് അമ്മയെ മര്‍ദ്ദിച്ചപ്പോള്‍, തടസ്സം പിടിച്ച മകള്‍ക്ക് കൈക്ക് ബക്കറ്റ് കൊണ്ടുള്ള അടിയേറ്റു, വിരലിന്റെ അസ്ഥിക്ക് പൊട്ടലുണ്ടായി. മകളുടെ പരാതിയില്‍ കേസെടുത്ത പോലീസ് അച്ഛനെ അറസ്റ്റ് ചെയ്തു. ഏനാത്ത് ഇളങ്കമംഗലം പാലവിളയില്‍ വീട്ടില്‍ മധു(42) ആണ് ഏനാത്ത് പോലീസിന്റെ പിടിയിലായത്. മകള്‍ നിരഞ്ജനയ്ക്കാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി പ്രശ്നമുണ്ടാക്കുന്ന മധു, ഇന്നലെ രാത്രി 7 ന് ശേഷം മദ്യപിച്ചെത്തിയ ശേഷം വഴക്കുണ്ടാക്കി.
കറണ്ട് ബില്ല് താനാണ് അടച്ചതെന്നും വീട്ടില്‍ മറ്റാരും കരണ്ട് ഉപയോഗിക്കണ്ട എന്നും പറഞ്ഞാണ് പ്രശ്നം ഉണ്ടാക്കിയത്. ഭാര്യ ജോലികഴിഞ്ഞ് വരുന്ന വഴിക്കും ഇയാള്‍ തടഞ്ഞുനിര്‍ത്തി അസഭ്യം വിളിച്ചതായും ഉപദ്രവിച്ചതായും പറയുന്നു. തുടര്‍ന്നാണ് വീട്ടിലെത്തി വഴക്കുണ്ടാക്കിയത്, പിന്നീട് വീടിന്റെ കതക്പൂട്ടി ആരും അകത്തു കയറണ്ട എന്ന് പറഞ്ഞശേഷം പുറത്തുപോയി. വീട്ടുകാര്‍ പകരം താക്കോല്‍ കൊണ്ട് വാതില്‍ തുറന്ന് അകത്ത് പ്രവേശിച്ച് അമ്മയും മൂന്ന് പെണ്മക്കളും ആഹാരം കഴിച്ചു കൊണ്ടിരിക്കേ, തിരിച്ചെത്തിയ മധു കരണ്ട് ബില്ല് അടച്ചതിന്റെ കാര്യം പറഞ്ഞ് വീണ്ടും വഴക്കുണ്ടാക്കി. അമ്മയെ ഉപദ്രവിക്കുന്നത് കണ്ട് ഇടക്ക് കയറിയതാണ് നിരഞ്ജന. ഇതില്‍ പ്രകോപിതനായ പ്രതി, അസഭ്യം വിളിച്ചുകൊണ്ട് പ്ലാസ്റ്റിക് ബക്കെറ്റ് എടുത്ത് തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു. കൈകൊണ്ട് തടഞ്ഞപ്പോഴാണ് ഇടത് കയ്യുടെ ചെറുവിരലിന്റെ ഭാഗത്ത് പൊട്ടന്‍ സംഭവിച്ചത്.
തുടര്‍ന്ന്, അടുത്ത വീട്ടിലെത്തി പഞ്ചായത്ത് മെമ്പറെ ഫോണില്‍ വിളിച്ച് നിരഞ്ജന വിവരം അറിയിച്ചു. മെമ്പറാണ് കുട്ടിയെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചത്. പൊട്ടലിന് പ്ലാസ്റ്ററിട്ട ശേഷം മടങ്ങിയ കുട്ടി അച്ഛന്റെ ഉപദ്രവം ഉണ്ടാകുമെന്ന് ഭയന്ന് വല്യമ്മയുടെ വീട്ടിലാണ് രാത്രി കഴിച്ചുകൂട്ടിയത്. തുടര്‍ന്ന് ഏനാത്ത് പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് എടുക്കുകയായിരുന്നു. സി പി ഓ സിന്ധു എം കേശവന്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി, തുടര്‍ന്ന് എസ് ഐ ആര്‍ ശ്രീകുമാര്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും, പ്രതിയായ പിതാവിനെ ഉടനടി അറസ്റ്റ് ചെയ്യുകയും ചെയ്തു.