കടയുടെ മുന്നില്‍ വച്ചിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ചു കടന്നു; തിരുവനന്തപുരത്തെത്തി അവിടെ കറക്കം; മൊബൈല്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് പന്തളം പോലീസ് കസ്റ്റഡിയില്‍ എടുത്തു

സ്‌കൂട്ടര്‍ മോഷ്ടിച്ചുകടന്നയാളെ പന്തളം പോലീസ് വിദഗ്ദ്ധമായി പിടികൂടി

Update: 2025-05-24 17:17 GMT

പന്തളം: കടയുടെ മുന്നില്‍ നിന്നും സ്‌കൂട്ടര്‍ മോഷ്ടിച്ചുകടന്നയാളെ പന്തളം പോലീസ് വിദഗ്ദ്ധമായി പിടികൂടി. പള്ളിക്കല്‍ പഴകുളം പുള്ളിപ്പാറ ശ്യാം നിവാസില്‍ ശ്യാം കുമാര്‍ (37) ആണ് അറസ്റ്റിലായത്. കടയ്ക്കാട് കുരുമ്പോലില്‍ ശ്യാം കുമാറിന്റെ ഹോണ്ട ആക്ടിവ ഇനത്തില്‍പെട്ട ഒരു ലക്ഷം രൂപ വിലവരുന്ന സ്‌കൂട്ടര്‍ 19 ന് ഉച്ചയ്ക്ക് 12 നാണ് മോഷണം പോയത്. പന്തളം മണികണ്ഠന്‍ ആല്‍ത്തറയിലെ ഒരു കടയുടെ മുന്നില്‍ വച്ചിരിക്കുകയായിരുന്നു സ്‌കൂട്ടര്‍.

പിറ്റേന്ന്, ശ്യാം കുമാര്‍ പന്തളം സ്റ്റേഷനില്‍ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ എസ് ഐ അനീഷ് എബ്രഹാം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. എസ് സി പി ഓ ജയനാണ് മൊഴി രേഖപ്പെടുത്തിയത്. പോലീസ് സംഘം സ്ഥലത്തേയും പരിസരത്തെയും സി സി ടി വി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ച് മോഷ്ടാവിനെ ഉടനടി തിരിച്ചറിഞ്ഞു. ഇയാള്‍ സ്‌കൂട്ടറുമായി വിവിധ സ്ഥലങ്ങളില്‍ കറങ്ങിനടക്കുകയാണെന്ന് മനസ്സിലാക്കി.

ഇതര ജില്ലകളിലെ പോലീസ് കണ്ട്രോള്‍ റൂമുകളിലൂടെയും മറ്റും വിവരം കൈമാറുകയും, ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ലൊക്കേഷന്‍ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തില്‍ തിരുവനന്തപുരം ഭാഗത്ത് ഇയാള്‍ ഉണ്ടെന്ന് ഇന്നലെ വൈകിട്ടോടെ വ്യക്തമായി.

പിന്നീട് നടത്തിയ തന്ത്രപരമായ നീക്കത്തില്‍ മോഷ്ടാവ് പോലീസിന്റെ വലയില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന്, തിരുവനന്തപുരം പോലീസിന്റെ സഹായത്തോടെ അന്വേഷണസംഘം കഴക്കൂട്ടത്തുനിന്നും പ്രതിയെ പിടികൂടി പന്തളത്തെത്തിച്ചു. സ്‌കൂട്ടറും കണ്ടെടുത്തു, ഉടമയെ കാണിച്ച് തിരിച്ചറിഞ്ഞശേഷം ഇന്ന് രാവിലെ 9 ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ് എച്ച് ഓ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്. പോലീസ് സംഘത്തില്‍ എസ് ഐ അനീഷ് എബ്രഹാം, എസ് സി പി ഓമാരായ കെ അമീഷ്, എസ് അന്‍വര്‍ഷാ എന്നിവരാണ് ഉണ്ടായിരുന്നത്.

Tags:    

Similar News