ഹൈബ്രിഡ് കഞ്ചാവും ലഹരിമരുന്നും പിടികൂടിയ കേസ്: മുഖ്യപ്രതികള്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍
മുഖ്യപ്രതികള്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍
കണ്ണൂര്‍ : പഴയങ്ങാടി ബീവി റോഡില്‍ വെച്ച് ഇക്കഴിഞ്ഞ ജൂണ്‍ ആറിന് എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും കെറ്റമിന്‍ ലഹരി ഗുളികകളുമായി നാല് യുവാക്കള്‍ പിടിയിലായ കേസിലെ മുഖ്യ പ്രതികള്‍ ബാംഗ്ലൂരില്‍ പിടിയിലായി. മാടായി സ്വദേശി അഹമ്മദ് സുഹൈര്‍ (26), തൃശ്ശൂര്‍ കുന്ദംകുളം സ്വദേശി വിവേക് (28) എന്നിവരെയാണ് ബാംഗ്ലൂര്‍ കുലശേഖരപുരത്തുള്ള ഫ്‌ളാറ്റില്‍ നിന്നു പഴയങ്ങാടി എസ്.ഐ കെ. സുഹൈലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
ബാംഗ്ലൂരിലെ സ്വകാര്യ ഐ ടി കമ്പനിയില്‍ ജോലി ചെയ്യുന്ന ഇവര്‍ ജോലിയുടെ മറവില്‍ എംഡിഎംഎ, ഹൈബ്രിഡ് കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കള്‍ വില്‍പന നടത്തുകയായിരുന്നു. നേരത്തെ പഴയങ്ങാടി പോലീസ് പിടികൂടിയ ലഹരി സംഘത്തില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലും പണമിടമാട് അടക്കമുളള ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് ഇവരെ തിരിച്ചറിയുകയും പൊലീസ് സ്ഥലത്തെത്തി പിടികൂടുകയും ചെയ്തത്.
മയക്കുമരുന്ന് വില്‍പ്പന സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. പഴയങ്ങാടി എസ് ഐ കെ സുഹൈല്‍, എ എസ് ഐ ശ്രീകാന്ത്, എ എസ് ഐ . എ .ഷൈജു, മിഥുന്‍ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ജൂണ്‍ ആറിന് രാവിലെ 10 മണിയോടെ പഴയങ്ങാടി പോലീസിന്റെ വാഹനപരിശോധനയ്ക്കിടെയാണ് പഴയങ്ങാടി എസ് ഐ കെ സുഹൈലും കണ്ണൂര്‍ റൂറല്‍ എസ്പിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും കെറ്റമിന്‍ ഗുളികകളും കാറില്‍ കടത്തുന്നതിനിടെ വാടിക്കല്‍ സ്വദേശികളായ പി.എം.മുഹമ്മദ്‌സവാദ്(24), യു.കെ. ഷബീര്‍ (25), ഇ.കെ.ഷമില്‍ (25),മുഹമ്മദ്‌നാസീക് അലി (24) എന്നിവരെ പിടികൂടിയത്. ഇതിനു ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേര്‍ പിടിയിലായത്.