പി പി ദിവ്യക്കു നേരെ സൈബര്‍ ആക്രമണമെന്ന് ഭര്‍ത്താവിന്റെ പരാതി; കേസെടുത്തു കണ്ണപുരം പോലീസ്
ദിവ്യക്കു നേരെ സൈബർ ആക്രമണം; ഭർത്താവിന്റെ പരാതിയിൽ കേസ്
കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പൊലീസ് കേസെടുത്തു. ദിവ്യയുടെ ഭര്‍ത്താവ് വി.പി. അജിത്ത് നല്‍കിയ പരാതിയിലാണ് കണ്ണപുരം പൊലീസ് കേസെടുത്തത്. സാമൂഹിക മാധ്യമത്തിലൂടെ വീഡിയോ ചിത്രീകരിച്ച് അധിക്ഷേപം നടത്തിയെന്നാണ് ഭര്‍ത്താവിന്റെ പരാതി.
എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയതിനു പിന്നാലെയാണ് ദിവ്യയ്ക്ക് നേരെ സൈബര്‍ ആക്രമണം രൂക്ഷമായത്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ ദിവ്യ നടത്തിയ കുറ്റപ്പെടുത്തല്‍ പ്രസംഗത്തില്‍ മനംനൊന്താണ് അദ്ദേഹം ആത്മഹത്യ ചെയ്യാന്‍ കാരണമായതെന്നാണ് ആരോപണം.
സംഭവത്തില്‍ ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യം തേടി ദിവ്യ തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതില്‍ ഹരജി സമര്‍പ്പിട്ടിട്ടുണ്ട്.
തന്റെ പ്രസംഗം സദുദ്ദേശപരമായിരുന്നെന്നു ചൂണ്ടിക്കാട്ടിയ ദിവ്യ താന്‍ ക്ഷണിക്കപ്പെടാതെയാണ് യാത്രയയപ്പ് ചടങ്ങിന് എത്തിയതെന്ന ആരോപണവും തള്ളി. ജില്ലാ കലക്ടറാണ് തന്നെ യോഗത്തിലേക്ക് ക്ഷണിച്ചതെന്നും ദിവ്യ ജാമ്യാപേക്ഷയില്‍ പറയുന്നു. എന്നാല്‍ പരിപാടിയിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കലക്ടര്‍ അരുണ്‍ കെ. വിജയന്‍ പറഞ്ഞു. ലാന്‍ റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ.ഗീതയ്ക്ക് നല്‍കിയ പരാതിയിലും അരുണ്‍ ഇത് ആവര്‍ത്തിച്ചു.