സ്‌കൂട്ടറിന്റെ മുന്നിൽ ഹാൻഡിൽ കാണാൻ പറ്റാത്ത രീതിയിൽ 'പുല്ല്' കൊണ്ട് നിറച്ച് യാത്ര; അതിസാഹസികമായി മുണ്ട് മടക്കി കുത്തി സീറ്റിലിരുന്ന് പോകുന്ന ഒരാൾ; ദൃശ്യങ്ങൾ കണ്ട എംവിഡി ചെയ്തത്
തിരുവനന്തപുരം: കേരളത്തിലെ നിരത്തുകൾ സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മോട്ടോർ വാഹന വകുപ്പ് (എംവിഡി) സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു വീഡിയോ വലിയ ചർച്ചയാകുന്നു. ജീവന് ഭീഷണിയാകുന്ന തരത്തിൽ പുല്ല് കെട്ടുമായി സ്കൂട്ടറിൽ യാത്ര ചെയ്യുന്നയാളുടെ ദൃശ്യങ്ങളാണ് വകുപ്പ് പുറത്തുവിട്ടത്. ജീവിക്കാൻ വേണ്ടിയാണെങ്കിൽ പോലും സ്വന്തം ജീവൻ പണയം വെച്ച് യാത്ര ചെയ്യരുതെന്ന ശക്തമായ മുന്നറിയിപ്പാണ് വീഡിയോക്കൊപ്പം എംവിഡി നൽകിയിരിക്കുന്നത്.
പുറത്തുവിട്ട ദൃശ്യങ്ങളിൽ, ഒരാൾ സ്കൂട്ടറിൽ തലയിൽ ഹെൽമറ്റ് ധരിച്ച് യാത്ര ചെയ്യുന്നത് കാണാം. എന്നാൽ, സാധാരണ പിന്നിലെ യാത്രക്കാരൻ ഇരിക്കേണ്ട സീറ്റിലാണ് ഇദ്ദേഹം ഇരിക്കുന്നത്. സ്കൂട്ടറിന്റെ ഫ്ലോർബോർഡ് മുതൽ മുന്നിലെ സീറ്റിന് മുകളിൽ വരെ വലിയ ഉയരത്തിൽ പുല്ല് കെട്ടി വെച്ചിരിക്കുന്ന അവസ്ഥയിലായിരുന്നു യാത്ര. ഈ പുൽക്കെട്ടിന് മുകളിലൂടെ വളരെ ബുദ്ധിമുട്ടിയാണ് ഇദ്ദേഹം സ്കൂട്ടറിന്റെ ഹാൻഡിലിൽ പിടിച്ച് ഓടിച്ചിരുന്നത്.
ഒറ്റനോട്ടത്തിൽ തന്നെ അതീവ അപകടകരമാണ് ഈ യാത്രയെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്. ഏതെങ്കിലും അടിയന്തര സാഹചര്യത്തിൽ സ്കൂട്ടർ നിർത്താനോ, നിലത്ത് കാൽ കുത്താനോ പോലും സാധിക്കാത്ത നിലയിലായിരുന്നു സഞ്ചാരം. "ജീവിക്കാൻ വേണ്ടിയാണെന്ന് അറിയാം, പക്ഷെ അതിന് ജീവൻ കളയണോ?" എന്ന ചോദ്യത്തോടെയാണ് മോട്ടോർ വാഹന വകുപ്പ് തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ ഈ വീഡിയോ പങ്കുവെച്ചത്.