തുലാമഴയ്ക്കും ശമിപ്പിക്കാനാവാത്ത ചൂട്; സംസ്ഥാനത്ത് പകല്‍ താപനില കൂടുന്നു

തുലാമഴയ്ക്കും ശമിപ്പിക്കാനാവാത്ത ചൂട്; സംസ്ഥാനത്ത് പകല്‍ താപനില കൂടുന്നു

Update: 2024-11-10 01:24 GMT

കാസര്‍കോട്: സംസ്ഥാനത്ത് തുലാ മഴ തുടങ്ങിയിട്ടും പകല്‍ സമയത്തെ ചൂട് സാധാരണയേക്കാള്‍ ക്രമാതീതമായി കൂടുന്നു. കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം കോഴിക്കോട് നഗരത്തില്‍ കഴിഞ്ഞ രണ്ടുദിവസം പകല്‍ താപനില 35.6 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നിട്ടുണ്ട്. സാധാരണയിലും മൂന്ന് ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണിത്.

തൃശൂര്‍ വെള്ളാനിക്കരയില്‍ വെള്ളിയാഴ്ച 2.9 ഡിഗ്രി സെല്‍ഷ്യസ് കൂടുതലായിരുന്നു. അതേസമയം, കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെതന്നെ ഓട്ടമാറ്റിക് സ്റ്റേഷനുകളില്‍ ഇന്നലെ ഇടുക്കി, വയനാട്, കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ ഉയര്‍ന്ന ചൂട് 35-39 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തി.

അടുത്ത ദിവസങ്ങളില്‍ മലയോരമേഖലയില്‍ ഒറ്റപ്പെട്ട മഴ തുടരും. ബംഗാള്‍ ഉള്‍ക്കടലിലെ നിലവിലെ ചക്രവാതച്ചുഴി ന്യൂനമര്‍ദമായി മാറി നവംബര്‍ പന്ത്രണ്ടോടെ തമിഴ്നാട് ശ്രീലങ്ക തീരത്തേക്ക് നീങ്ങുന്നതോടെ കേരളത്തിലും വീണ്ടും മഴ സജീവമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധന്‍ രാജീവന്‍ എരിക്കുളം അറിയിച്ചു. ഇന്നും 12, 13 തീയതികളിലും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 13ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം, തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ഭാഗങ്ങള്‍, അതിനോട് ചേര്‍ന്ന തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ 35 മുതല്‍ 45 വരെ കിലോമീറ്റര്‍ വരെയും ചിലപ്പോള്‍ 55 കിലോമീറ്റര്‍ വരെയും വേഗത്തില്‍ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Tags:    

Similar News