പാതി ഭക്ഷിച്ച നിലയിൽ മാനിന്റെ ജഡം; ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയുള്ള പരിശോധനയിൽ തെളിഞ്ഞത് മറ്റൊന്ന്; നാട്ടുകാർ പരിഭ്രാന്തിയിൽ; പോത്തുകല്ലിൽ ഇറങ്ങിയത് പുലിയോ?

Update: 2025-09-03 14:33 GMT

നിലമ്പൂർ: നിലമ്പൂർ പോത്തുകല്ലിൽ വനമേഖലയോട് ചേർന്നുള്ള റബ്ബർ തോട്ടത്തിൽ പുലിയുടെ ആക്രമണത്തിൽ നാല് വയസ്സുള്ള പെൺമാൻ ചത്തതായി സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാവിലെ ടാപ്പിംഗ് തൊഴിലാളികളാണ് മാനിന്റെ ജഡം കണ്ടെത്തിയത്. പുലി പാതി ഭക്ഷിച്ച നിലയിലാണ് മാനിനെ കണ്ടെത്തിയതെങ്കിലും, സംഭവസ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പുലിയുടെ ആക്രമണമാണ് മാൻ ചത്തതിന് പിന്നിലെന്ന് സ്ഥിരീകരിച്ചു.

സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. നിലമ്പൂർ വെറ്ററിനറി സർജൻ ഡോ. എസ്. ശ്യാമിന്റെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മാനിന്റെ ജഡം വനത്തിൽ മറവുചെയ്തു.

ഇതിനുമുൻപ് മൂന്നുദിവസം മുൻപ് എരുമമുണ്ടയിൽ ഫിലിപ്പോസ് എന്നയാളുടെ കോഴിഫാമിന് സമീപം കെട്ടിയിട്ടിരുന്ന നായയെയും പുലി ആക്രമിച്ചു കൊന്നിരുന്നു. ജനവാസ കേന്ദ്രങ്ങൾക്ക് സമീപം പുലിയുടെ സാന്നിധ്യം വർദ്ധിച്ചുവരുന്നത് വെള്ളിമുറ്റം, കെടീരി, എഴുമാംപാടം, കുറുമ്പലങ്ങോട് എന്നിവിടങ്ങളിലെ താമസക്കാരിൽ വലിയ ഭീതിയുളവാക്കിയിട്ടുണ്ട്. ഇതിനെത്തുടർന്ന് എരുമമുണ്ടയിൽ പുലിയെ പിടികൂടാനായി കൂട് സ്ഥാപിച്ചിട്ടുണ്ട്. 

Tags:    

Similar News