സ്ത്രീധനത്തിന്‍റെ പേരിൽ കൊടുംക്രൂരത; നവവധുവിനെ വീട്ടിൽനിന്ന് ഇറക്കിവിട്ടതായി പരാതി; കേസെടുത്ത് പോലീസ്; സംഭവം അമ്പലപ്പുഴയിൽ
അമ്പലപ്പുഴ: സ്ത്രീധനം നൽകിയില്ലെന്ന പേരിൽ നവവധുവിനെ ഭർത്താവും സഹോദരിയും സഹോദരീഭർത്താവും ചേർന്ന് മാനസികമായി പീഡിപ്പിച്ച് വീട്ടിൽനിന്നിറക്കിവിട്ടതായി പരാതി. ആലപ്പുഴ സ്വദേശിനിയായ യുവതി നൽകിയ പരാതിയെത്തുടർന്ന് അമ്പലപ്പുഴ പൊലീസ് ഭർത്താവ് മിഥുൻ, സഹോദരി മൃദുല, സഹോദരീഭർത്താവ് അജി എന്നിവർക്കെതിരെ കേസെടുത്തു.
കഴിഞ്ഞ ഓഗസ്റ്റ് 31ന് വിവാഹിതരായ യുവതിയുടെ കുടുംബം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരായതിനാൽ സ്ത്രീധനമോ മറ്റ് പാരിതോഷികങ്ങളോ നൽകാനാവില്ലെന്ന് വിവാഹ നിശ്ചയത്തിനു മുമ്പുതന്നെ വരന്റെ വീട്ടുകാരെ അറിയിച്ചിരുന്നതായി യുവതി പരാതിയിൽ പറയുന്നു. ഇതിന്റെ ഉറപ്പിലാണ് വിവാഹം നിശ്ചയിച്ചത്. നിയമപരമായി അടുത്ത മാസം ആറിന് വിവാഹം രജിസ്റ്റർ ചെയ്യാൻ നിശ്ചയിച്ചിരിക്കെ, ഭർത്താവിന്റെ വീട്ടുകാർ ഇതിന് വിസമ്മതിക്കുകയായിരുന്നു.
തുടർന്ന്, സ്ത്രീധനമായി 25 ലക്ഷം രൂപയും സ്വർണ്ണവും കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഭർത്താവും സഹോദരിയും സഹോദരീഭർത്താവും ചേർന്ന് തന്നെ മാനസികമായി പീഡിപ്പിക്കുകയും ഒടുവിൽ കഴിഞ്ഞ മാസം 21ന് വീട്ടിൽനിന്നിറക്കിവിടുകയുമായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. സമൂഹ്യപ്രതിനിധികളും പഞ്ചായത്തംഗങ്ങളും ഇടപെട്ട് അനുരഞ്ജനത്തിനു ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികളിലൊരാളായ മിഥുൻ അടുത്ത മാസം പത്തിന് അവധി കഴിഞ്ഞ് വിദേശത്തേക്ക് മടങ്ങാനിരിക്കുകയാണ്. സ്ത്രീധന പീഡന നിരോധന നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.