ചൂട്ടാട് ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു; അപകടത്തില്‍പ്പെട്ട മറ്റൊരു വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; കുപ്പം പുഴയില്‍ കൂട്ടുകള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
ചൂട്ടാട് ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
കണ്ണൂര്‍:പുതിയങ്ങാടി ചൂട്ടാട് ബീച്ചിലെ കടലിനോട് ചേര്‍ന്നുള്ള അഴിമുഖത്ത് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി ദാരുണമായിമുങ്ങി മരിച്ചു. ചൂട്ടാട് ഏരിപ്രം സ്വദേശി വി. മുഹമ്മദ് ഫൈറൂസ്(14) ആണ് മരിച്ചത്. പുതിയങ്ങാടി ജമാഅത്ത് ഹൈസ്‌കൂള്‍ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് മരണമടഞ്ഞ ഫൈറൂസ്.കൂടെ അപകടത്തില്‍പ്പെട്ട കെ എം മുഹമ്മദ് യാസീന്‍(14)നെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച്ച വൈകിട്ട് 5:30 മണിയോടെ സുഹൃത്തുക്കളായ നാലു വിദ്യാര്‍ത്ഥികള്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു രണ്ടുപേര്‍ പുഴയിലെ ചുഴിയില്‍പ്പെട്ട് മുങ്ങിത്താണപ്പോള്‍ കൂടെയുള്ള കുട്ടികള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് മുങ്ങിപ്പോയ ഒരു കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയെങ്കിലും മറ്റൊരു കുട്ടിയായ ഫൈറൂസിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പയ്യന്നൂരില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് പുഴയില്‍ കാണാതായ കുട്ടിക്ക് വേണ്ടി തിരച്ചില്‍ നടത്തിയതിനെ തുടര്‍ന്ന് വൈകീട്ട് 7:25 മണിയോടെ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മൃതദേഹം കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എം വിജിന്‍ എംഎല്‍എ, മാടായി പഞ്ചായത്ത് പ്രസിഡന്റ് കായിക്കാരന്‍ സയ്യിദ്, പഴയങ്ങാടി പോലീസ് എന്നിവര്‍ തിരച്ചലിന് നേതൃത്വം നല്‍കി. ചൂട്ടാട്ടിലെ കെ വി ഫൈസല്‍-ജസീറ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങള്‍: ഫാത്തിമ, സമീല്‍(ഇരുവരും വിദ്യാര്‍ത്ഥികള്‍).
കുപ്പം പുഴയില്‍ കൂട്ടുകള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
കണ്ണൂര്‍ :തളിപ്പറമ്പ് കുപ്പം പുഴയില്‍ കൂവേരിയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. തളിപ്പറമ്പിനടുത്ത നെല്ലിപ്പറമ്പ് സ്വദേശി ഷാഹിദ് (19) ആണ് മരിച്ചത്. ഞായറാഴ്ച്ച വൈകിട്ട് അഞ്ചരയോടെ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം.
നെല്ലിപ്പറമ്പില്‍ താമസിക്കുന്ന പി. അബ്ദുല്ലത്തീഫ് - ശരീഫ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: സഫ്വാന, സുഫൈദ്, ഷഹീന്‍.