ഒറ്റ പബ്ലിക് ഹെല്‍ത്ത് നഴ്സുമാരെ ഹെല്‍ത്ത് സെന്ററില്‍ കയറ്റില്ല; ഭീഷണിയുമായി സിഐടിയു നേതാവ് എളമരം കരീം; വിവാദ പ്രസംഗം ആശാപ്രവര്‍ത്തകരുടെ പ്രതിഷേധമാര്‍ച്ചില്‍; പരാതി നല്‍കി എന്‍ജിഓ സംഘ്
ഭീഷണിയുമായി സിഐടിയു നേതാവ് എളമരം കരീം
തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സുമാരെ അവര്‍ ജോലിചെയ്യുന്ന ഹെല്‍ത്ത് സെന്ററുകളില്‍ കയറാന്‍ അനുവദിക്കില്ലെന്ന് സി.ഐ.റ്റി. യു. നേതാവ് എളമരം കരീമിന്റെ ഭീഷണി. സംസ്ഥാനത്തെ ഒരു വിഭാഗം ആശാ പ്രവര്‍ത്തകര്‍ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു കരിമിന്റെ ഭീഷണി.
നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഉത്തരവുകളുടെയും നിബന്ധനകളുടെയും അടിസ്ഥാനത്തില്‍ ആശാവര്‍ക്കര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരം നാഷണല്‍ പോര്‍ട്ടലില്‍ എന്‍ട്രി ചെയ്യുക എന്ന ഔദ്യോഗിക കൃത്യനിര്‍വഹണമാണ് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സുമാര്‍ ചെയ്തു വരുന്നത്. ആശാപ്രവര്‍ത്തകരുടെ അര്‍ഹമായ ആനുകൂല്യങ്ങളും അവകാശങ്ങളും നല്‍കേണ്ടത് സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്വമാണെന്നിരിക്കെ ആരോഗ്യവകുപ്പിലെ ജീവനക്കാരാണ് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതെന്ന് തെറ്റായ പ്രചരണം നടത്തി ആശാവര്‍ക്കര്‍മാരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് പ്രേരിപ്പിക്കുകയാണ് സി.ഐ. റ്റി.യു. എന്ന സംഘടനയെന്ന് എന്‍ജിഓ സംഘ് ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യവകുപ്പിലെ നഴ്സ് വിഭാഗത്തില്‍ ജോലിചെയ്യുന്ന വനിതകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ ഹെല്‍ത്ത് സെന്ററുകളില്‍ പ്രവേശിപ്പിക്കില്ലെന്ന ഭീഷണി ഏറെ ഗൗരവതരമാണ്. എന്നാല്‍ ജീവനക്കാര്‍ക്ക് നേരെ പരസ്യമായി ഭീഷണി മുഴക്കിയ നേതാവിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. എന്നത് പ്രതിഷേധാര്‍ഹമാണ്. പൊതുജങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്കായി അക്ഷീണം പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയ സി. ഐ. റ്റി. യു. നേതാവിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം.സംസ്ഥാനത്ത് ജീവിതശൈലി രോഗത്തിന് സാധ്യതയുള്ളവരെ കണ്ടെത്തി അവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കുന്ന ശൈലി സര്‍വ്വേയും, കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായിട്ടുള്ള ( അശ്വമേധം) ഉള്‍പ്പെടെയുള്ള പരിപാടികള്‍ തടസ്സപ്പെടുത്തുന്നതിന് ആശാപ്രവര്‍ത്തകരെ തെരുവിലിറക്കി സമരം നടത്തിയ ഈ സംഘടന ഇപ്പോള്‍ സംസ്ഥാനത്ത് നടന്നുവരുന്ന ക്യാന്‍സര്‍ നിര്‍ണ്ണയ പ്രവര്‍ത്തനങ്ങളും തടസ്സപ്പെടുത്തി പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷാ വിഷയം മുന്‍നിര്‍ത്തി ഒരു വിലപേശല്‍ നടത്തുക എന്ന തന്ത്രത്തിന്റെ ഭാഗമായിട്ടാണ് ഇപ്പോഴത്തെ സമരപ്രഖ്യാപനം.
സംസ്ഥാനത്തെ പകര്‍ച്ചവ്യാധികള്‍ തടയുന്നതിലും, മാതൃ-ശിശു മരണനിരക്ക് കുറയ്ക്കുന്നതിലും നിര്‍ണ്ണായക പങ്കു വഹിച്ച് പൊതുജനാരോഗ്യ രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തുന്ന ആരോഗ്യം വകുപ്പിലെ ജീവനക്കാരും, ആശാപ്രവര്‍ത്തകരും തമ്മിലുള്ള സൗഹൃദ അന്തരീക്ഷം ഇല്ലാതാക്കി ആരോഗ്യ മേഖലയിലെ സുഗമമായ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന രാഷ്ട്രീയ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്നും
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സമാധാനപരമായി ജോലിചെയ്യുന്നതിനുള്ള മതിയായ സുരക്ഷ നല്‍കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
പൊതുജങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്കായി അക്ഷീണം പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയ സി. ഐ. റ്റി. യു. നേതാവിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള എന്‍. ജി. ഒ. സംഘ് സംസ്ഥാന പ്രസിഡന്റ് ടി. ദേവാനന്ദന്‍ ജനറല്‍ സെക്രട്ടറി എസ്. രാജേഷ് എന്നിവര്‍ ആവശ്യപ്പെട്ടു. ജീവനക്കാര്‍ക്ക് സമാധാനപരമായി ജോലി ചെയ്യുന്നതിനുള്ള സാഹചര്യവും,മതിയായ സുരക്ഷയും ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.