ക്രിസ്മസ്-പുതുവത്സര അവധിക്കാല തിരക്ക് മുതലെടുത്ത് ജടായുപാറ ടൂറിസ്റ് കേന്ദ്രം; മുന്നറിയിപ്പ് നൽകാതെ പ്രവേശന ഫീസ് വർദ്ധിപ്പിച്ചു; സന്ദർശനത്തിനെത്തിയവർ നിരക്ക് കേട്ട് ഞെട്ടി മടങ്ങി; താൽകാലിക വർദ്ധനവെന്ന് വിശദീകരണം

Update: 2024-12-27 08:47 GMT

കൊല്ലം: സംസ്ഥാനത്തെ ടൂറിസം മാപ്പിൽ ഇടം നേടിയ പ്രധാന ഇടങ്ങളിൽ ഒന്നാണ് ചടയമംഗലം ജടായുപാറ. ക്രിസ്മസ്-പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് വൻ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നതെന്നാണ് വിവരം. കേബിൾ കാറുകളും, ഫ്രീ ക്ലൈംബിങ്‌, റോക്ക് ക്ലൈമ്പിങ്‌, ചിമ്മിനി ക്ലൈമ്പിങ്‌, കമാൻഡോ നെറ്റ്, ബർമ ബ്രിഡ്‌ജ്‌ തുടങ്ങിയ ഇരുപതോളം സാഹസിക വിനോദങ്ങളാണ് ഇവിടുത്തെ മുഖ്യ ആകർഷണം.

എന്നാൽ അവധിക്കാലം ആഘോഷിക്കാൻ എത്തുന്നവർക്ക് മുന്നറിയിപ്പില്ലാതെ വർദ്ധിപ്പിച്ച പ്രവേശന നിരക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നാണ് വിവരം. നിരവധി ആൾക്കാർ നിരക്ക് മനസ്സിലാക്കിയതോടെ മടങ്ങുന്നതായും പരാതികൾ ഉയർന്ന് വരികെയാണ്. കേബിൾ കാർ ഉൾപ്പെടെ സന്ദർശനം നടത്തുന്നതിനായി ഒരാൾക്ക് 550 രൂപയാണ് മുൻകാലങ്ങളിൽ ഈടാക്കിയിരുന്നത്. കേബിൾ കാർ ഉപയോഗിക്കാതെ പടികൾ കയറി സന്ദർശനം നടത്തുന്നതിനായി ഒരാൾക്ക് 250 രൂപയുമായിരുന്നു.

എന്നാൽ ക്രിസ്മസ്-പുതുവത്സര അവധിക്കാലമായതോടെ ഉണ്ടായ ജനത്തിരക്ക് കണക്കിലെടുത്ത് പ്രവേശ നിരക്ക് സംഘാടകർ വർദ്ധിപ്പിച്ചിരിക്കുന്നതായാണ് പരാതികൾ ഉയരുന്നത്. കേബിൾ കാറിൽ സന്ദർശനം നടത്തുന്നതിനായി 610 ഉം, പടികൾ നടന്ന് കയറി സന്ദർശനം നടത്തുന്നതിനായി 350 ഉം എന്നതുമാണ് പുതിയ നിരക്കുകൾ. അതേസമയം ഈ നിരക്കുകൾ അവധിക്കാലം കഴിയുന്നത് വരെ തൂടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജനുവരി 3 വരെ താൽകാലികമായി തീരുമാനിച്ചിരിക്കുന്ന നിരക്കുകൾ ഈടാക്കിയാവും ടൂറിസ്റ്റുകൾക്ക് സന്ദർശനം അനുവദിക്കുക. 

Tags:    

Similar News