ചങ്ങനാശ്ശേരിയിൽ വൻ ലഹരിവേട്ട; പിടികൂടിയത് 52 ഗ്രാം ബ്രൗൺഷുഗറും 2 കിലോ കഞ്ചാവും; കേസിൽ പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ
കോട്ടയം: ചങ്ങനാശ്ശേരിയിൽ വൻ ലഹരിവേട്ടയെന്ന് റിപ്പോർട്ടുകൾ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. ലഹരി മരുന്ന് വിൽപ്പനയ്ക്ക് എത്തിച്ച പശ്ചിമ ബംഗാൾ സ്വദേശി മുബാറക് അലിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
ബ്രൗൺഷുഗർ വിൽപ്പന നടത്തുന്നതിനിടയിലാണ് പ്രതി എക്സൈസിന്‍റെ വലയിൽ കുടുങ്ങിയത്. അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലും പ്രദേശത്തെ യുവാക്കൾക്കുമാണ് പ്രതി ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ മേഖലയിൽ വ്യാപകമായി ബ്രൗൺ ഷുഗർ ഇടപാടുകൾ നടക്കുന്നെന്ന് വിവരം കിട്ടിയതിന്റ അടിസ്ഥാനത്തിലായിരുന്നു എക്സൈസിന്റെ ഇവിടെ പരിശോധന നടത്തിയത്.
പ്രതിയെ സംബന്ധിച്ച് സൂചന കിട്ടിയ എക്സൈസ് സംഘം മഫ്തിയിലെത്തിയാണ് അറസ്റ്റ് ചെയ്തത്. പിടികൂടുമ്പോൾ പ്രതി മുബാറക് അലിയുടെ കൈയ്യിൽ 52 ഗ്രാം ബ്രൗൺഷുഗറും രണ്ട് കിലോ കഞ്ചാവും 35000 രൂപയുമുണ്ടായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.