ട്രോളിംഗ് നിരോധനം കഴിഞ്ഞ് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികള്‍ വീശിയ വലയില്‍ കുരുങ്ങിയത് മുങ്ങിയ കണ്ടെയ്‌നറിന്റെ അവശിഷ്ടങ്ങള്‍; വല നശിച്ചതോടെ അഞ്ചു ലക്ഷം രൂപയുടെ നഷ്ടം
വല നശിച്ചതോടെ അഞ്ചു ലക്ഷം രൂപയുടെ നഷ്ടം
തിരുവനന്തപുരം: ട്രോളിങ് നിരോധനം കഴിഞ്ഞ് മത്സ്യബന്ധനത്തിനിറങ്ങിയ തൊഴിലാളികള്‍ക്ക് കപ്പല്‍ തകര്‍ന്ന് കടലില്‍ മുങ്ങിയ കണ്ടെയ്നറുകള്‍ തിരിച്ചടിയാകുന്നു. കഴിഞ്ഞദിവസവും നീണ്ടകരക്കു സമീപം കണ്ടെയ്നര്‍ കുടുങ്ങി മത്സ്യത്തൊഴിലാളികളുടെ വല നശിച്ചു. അഴീക്കല്‍ നിന്നും നീണ്ടകര വെള്ളനാതുരുത്തിനു സമീപം കടലില്‍ മത്സ്യബന്ധനത്തിനെത്തിയവരുടെ വലയിലാണ് ഇന്നലെ കണ്ടെയ്നര്‍ കുടുങ്ങിയത്. ഏകദേശം അഞ്ചുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
കഴിഞ്ഞ ജൂണ്‍ ഒന്‍പതിനാണ് കൊച്ചിക്കു സമീപം കേരളതീരത്ത് കപ്പല്‍ തകര്‍ന്ന് 650 ലധികം കണ്ടെയ്നറുകള്‍ കടലില്‍ താഴ്ന്നത്. ഇവ കേരളതീരത്തു കൂടി കന്യാകുമാരിക്ക് സമീപം വരെ എത്തിയിരുന്നു. കണ്ടെയ്നറുകള്‍ കിടക്കുന്ന ചില സ്ഥലങ്ങള്‍ ജി.പി.എസ് സഹായത്തോടെ അടയാളപ്പെടുത്തിയത് മത്സ്യത്തൊഴിലാളികളുടെ പക്കലുണ്ട്. ഒഴുകി നടക്കുന്നതിനാല്‍ ഇവയുടെ സ്ഥാനം കൃത്യമായി നിര്‍വചിക്കാനാവില്ല. പലപ്പോഴും വലയെറിയുമ്പോള്‍ കണ്ടെയ്നറുകള്‍ കയറുന്നതാണ് ഇപ്പോള്‍ പ്രശ്നങ്ങള്‍ക്കു കാരണമാകുന്നത്.