കുസാറ്റില്‍ വിദേശ വിദ്യാര്‍ഥികളുടെ അപേക്ഷയില്‍ റെക്കോഡ് വര്‍ധന; ഈ വര്‍ഷം അപേക്ഷിച്ചത് 1410 വിദ്യാര്‍ഥികള്‍

കുസാറ്റില്‍ വിദേശ വിദ്യാര്‍ഥികളുടെ അപേക്ഷയില്‍ റെക്കോഡ് വര്‍ധന

Update: 2024-09-24 03:01 GMT

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) യില്‍ വിദേശ വിദ്യാര്‍ഥികളുടെ അപേക്ഷയില്‍ റെക്കോഡ് വര്‍ധന. 1410 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം പഠനത്തിനായി അപേക്ഷിച്ചിട്ടുള്ളത്. 2023-ല്‍ 1100 പേരായിരുന്നു. 2022-ല്‍ 800 പേരാണ് അപേക്ഷിച്ചത്. ബി.ടെക്. കംപ്യൂട്ടര്‍ സയന്‍സിനും എം.ടെക്കിനുമാണ് കൂടുതല്‍ പ്രിയം. നൈജീരിയ, കെനിയ, സുഡാന്‍, യുഗാണ്‍ഡ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് ഏറെ അപേക്ഷകള്‍.

ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒ.സി.ഐ.) വിഭാഗത്തില്‍നിന്ന് ഒട്ടേറെ അപേക്ഷകരുണ്ട്. യു.എസ്.എ., യു.എ.ഇ., ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് ഒ.സി.എ. അപേക്ഷകള്‍ ഏറെയെന്ന് കുസാറ്റ് അന്താരാഷ്ട്ര കാര്യാലയ ഡയറക്ടര്‍ ഡോ. ഹരീഷ് എന്‍. രാമനാഥന്‍ പറഞ്ഞു. നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍നിന്നും അപേക്ഷകരുണ്ട്. എന്നാല്‍, ഇവരില്‍ വളരെക്കുറച്ചു പേര്‍ക്ക് മാത്രമാണ് ഇവിടെ പ്രവേശനം ലഭിക്കുന്നത്.

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സും (ഐ.സി.സി.ആര്‍.), കേന്ദ്ര സര്‍ക്കാര്‍ പോര്‍ട്ടല്‍ സ്റ്റഡി ഇന്‍ ഇന്ത്യ വഴിയുമാണ് വിദേശ വിദ്യാര്‍ഥികളുടെ പ്രവേശനം. ഐ.സി.സി.ആര്‍. വഴി 100 ശതമാനം സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്. സ്റ്റഡി ഇന്‍ ഇന്ത്യ പോര്‍ട്ടല്‍ വഴി യൂണിവേഴ്സിറ്റി 50 ശതമാനം ഫീസ് ഇളവും നല്‍കുന്നുണ്ട്.

യു.ജി.സി. നിയമപ്രകാരം ആകെയുള്ള സീറ്റുകളെക്കാള്‍ 25 ശതമാനം അധികം സൂപ്പര്‍ ന്യൂമറിയായി വിദേശ വിദ്യാര്‍ഥികളുടെ അഡ്മിഷന്‍ സ്വീകരിക്കാം. പക്ഷേ, ഹോസ്റ്റല്‍ സൗകര്യത്തിന്റെയും സ്‌കോളര്‍ഷിപ്പിന്റെയും പരിമിതികള്‍ കാരണം ഇത് പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ സാധിക്കാറില്ല. നിലവില്‍ എണ്ണായിരം വിദ്യാര്‍ഥികള്‍ പഠിക്കുന്ന കുസാറ്റില്‍ 63 വിദേശ വിദ്യാര്‍ഥികളാണുള്ളത്.

Tags:    

Similar News