വനപാലകര്‍ സഞ്ചരിച്ച ജീപ്പ് കാട്ടാന ഇടിച്ചുമറിച്ചിട്ടു; നിലവിളിച്ച് ആളുകൾ; രണ്ട് പേർക്ക് പരിക്ക്; രക്ഷപ്പെട്ടത് തലനാരിഴക്ക്; സംഭവം ചാലക്കുടിയിൽ

Update: 2024-11-22 15:59 GMT

തൃശൂര്‍: കാട്ടാന വനപാലകര്‍ സഞ്ചരിച്ച ജീപ്പ് കുത്തിമറിച്ചിട്ടതായി റിപ്പോർട്ടുകൾ. ചാലക്കുടി അതിരപ്പിള്ളി കണ്ണംകുഴിയിലാണ് കാട്ടാന ആക്രമണം നടന്നത്. ജീപ്പിനകത്തുണ്ടായിരുന്ന അഞ്ച് വനപാലകരില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.

ചാര്‍പ്പ റേഞ്ചിലെ കണ്ണംകുഴി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ജീപ്പിന് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കായംകുളം ചേരാവള്ളി ലിയാന്‍ മന്‍സില്‍ റിയാസ് (37), ഫോറസ്റ്റ് വാച്ചര്‍ വെറ്റിലപ്പാറ കിണറ്റിങ്കല്‍ ഷാജു (47) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാലക്കുടി വാഴച്ചാല്‍ വനം ഡിവിഷന്‍ അതിര്‍ത്തിയായ കുണ്ടൂര്‍മേടില്‍ മൂന്ന് ദിവസത്തെ ഉള്‍വന പരിശോധനാ ക്യാമ്പ് കഴിഞ്ഞ് തിരിച്ച് വരുന്നവഴി കണ്ണംകുഴി സ്റ്റേഷന്‍ പരിധിയിലെ ബടാപാറക്കടുത്തായിരുന്നു സംഭവം നടന്നത്. വളവ് തിരിഞ്ഞ് വരികയായിരുന്നു ജീപ്പിന് മുന്നിലൂടെ കാട്ടാന ഓടിയെത്തി ജീപ്പില്‍ ഇടിക്കുകയായിരുന്നു. ആനയുടെ ആക്രമണത്തില്‍നിന്നും തലനാരിഴയ്ക്കാണ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടത്. അഞ്ചോളം തവണ കുത്തി ജീപ്പ് മറിച്ചിട്ടശേഷമാണ് ആന ഒടുവിൽ കാട് കയറിയത്.

Tags:    

Similar News