കൃഷി നശിപ്പിച്ചതായി വിവരം; കാട്ടാനയെ തിരഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി; മുളങ്കാട്ടിൽ മറഞ്ഞിരുന്ന കാട്ടാനയുടെ ആക്രമണത്തിൽ വനപാലകന് പരിക്ക്

Update: 2024-11-19 07:19 GMT

മലപ്പുറം: കാട്ടായുടെ ആക്രമണത്തിൽ വനപാലകന് പരിക്ക്. നിലമ്പൂർ റേഞ്ച് കാഞ്ഞിരപ്പുഴ സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഹരീഷിനാണ് പരിക്കേറ്റത്. കൃഷി നശിപ്പിച്ച കാട്ടാനയെ തിരയുന്നതിനിടെയാണ് ആനയുടെ ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം വൈകുന്നേരം 4.30നാണ് സംഭവം. ശനി ഞായർ ദിവസങ്ങളിലും രാത്രി  ഈ മേഖലയിൽ കാട്ടാന കൃഷി നശിപ്പിച്ചിരുന്നു.

ഈ പ്രദേശങ്ങളിൽ വലിയ കാട്ടാന ശല്യമുണ്ട്. വൻതോതിൽ കൃഷി നശിപ്പിക്കപ്പട്ടതോടെ നാട്ടുകാരും ഏറെ ദുരിതത്തിലായി. ഇതിന് പ്രതിവിധി തേടിയാണ് നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. തുടർന്നാണ് വനപാലകർ പ്രദേശത്ത് തെരച്ചിൽ നടത്താൻ തുടങ്ങിയത്.

കാഞ്ഞിരപ്പുഴ സ്റ്റേഷൻ പരിധിയിലെ വെള്ളിമുറ്റം ഏറമ്പാടം വനമേഖലയിൽ തെരച്ചിൽ നടത്തുന്നതിനിടയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. മുളങ്കാട്ടിൽ മറഞ്ഞിരുന്ന കാട്ടാന ഹരീഷിനെ ആക്രമിക്കുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തിൽ ഹരീഷിന് ഇടതു കാലിനും ഇടതുകണ്ണിനുമാണ് പരിക്കേറ്റത്. പരിക്കേറ്റ ഇദ്ദേഹത്തെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    

Similar News