രാസലഹരിയും കഞ്ചാവും കടത്താൻ ശ്രമം; മാസങ്ങളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്ന യുവാക്കൾ പിടിയിൽ
മാവേലിക്കര: രാസലഹരിയും കഞ്ചാവും കടത്താൻ ശ്രമിച്ച യുവാക്കൾ എക്സൈസിന്റെ പിടിയിൽ. കായംകുളം പത്തിയൂർ എരുവ സ്വദേശി അജ്മൽ (22), പത്തിയൂർ സ്വദേശി വിഷ്ണു (22) എന്നിവരാണ് അറസ്റിലായത്. മാവേലിക്കര റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി എസ് കൃഷ്ണരാജിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്. തിങ്കളാഴ്ച ചെട്ടികുളങ്ങര ക്ഷേത്രത്തിന് തെക്കുവശം വെച്ച് വാഹനത്തിൽ എത്തുമ്പോഴായിരുന്നു ഇവർ പിടിയിലായത്.
പ്രതികളിൽ നിന്നും 0.713 ഗ്രാം രാസലഹരിയും, 2.1 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇവ കടത്താൻ ഉപയോഗിച്ച ബൈക്കും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. മാസങ്ങളായി ഇവർ എക്സൈസ് ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) അൻവർ, പ്രിവന്റീവ് ഓഫിസര്‍ ജി ജയകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫിസര്‍മാരായ ശ്യാം, ഷിതിൻ, പ്രതീഷ്, ഷഹീൻ, എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.