ഞെട്ടിച്ച് സ്വര്‍ണ വില; വീണ്ടും സര്‍വ്വകാല റെക്കോര്‍ഡില്‍; വര്‍ധിച്ചത് 440 രൂപ: പ്രതീക്ഷ മങ്ങി സ്വര്‍ണാഭാരണ പ്രേമികള്‍

Update: 2025-03-13 07:46 GMT

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുത്തനെ വര്‍ധിച്ചു. ആഗോള വിപണിയില്‍ വില കൂടിയതിന് അനുസരിച്ചാണ് കേരളത്തിലും വര്‍ധനവ്. വരും ദിവസങ്ങളിലും വില കൂടുമെന്നാണ് വിവരം. കഴിഞ്ഞാഴ്ച താരതമ്യേന കുറഞ്ഞ വിലയായിരുന്നു. അന്ന് അഡ്വാന്‍സ് ബുക്ക് ചെയ്തവര്‍ക്ക് ഇന്നത്തെ വില വര്‍ധനവില്‍ ആശങ്ക വേണ്ട. കേരളത്തില്‍ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന്.

ഇന്ത്യയില്‍ ചില്ലറ മേഖലയിലെ പണപ്പെരുപ്പം കുറഞ്ഞു എന്നാണ് കഴിഞ്ഞ ദിവസം വന്ന റിപ്പോര്‍ട്ട്. അമേരിക്കയും ഇതേ അവസ്ഥയാണ്. അതുകൊണ്ടുതന്നെ അടുത്ത മാസം അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറച്ചേക്കും. ഇന്ത്യയുടെ ആര്‍ബിഐയും പലിശ നിരക്ക് കുറയ്ക്കുമെന്നാണ് സൂചന. ഇതാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുന്നത്.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 64960 രൂപയാണ് വില. 440 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 55 രൂപ വര്‍ധിച്ച് 8120 രൂപയായി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപ വര്‍ധിച്ച് 6680 രൂപയായി. കേരളത്തില്‍ വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 108 രൂപ എന്ന നിരക്കില്‍ തുടരുകയാണ്.

ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2944 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ആഗോള വിപണിയിലെ വില, മുംബൈ വിപണിയിലെ വില, ഡോളര്‍-രൂപ വിനിമയ നിരക്ക് എന്നിവ പരിശോധിച്ചാണ് ജ്വല്ലറി വ്യാപാരികള്‍ കേരളത്തില്‍ സ്വര്‍ണവില നിശ്ചയിക്കുക. മാത്രമല്ല, അമേരിക്കന്‍ ഡോളര്‍ സൂചിക ഇടിഞ്ഞ് നില്‍ക്കുന്നതും സ്വര്‍ണവില കൂടാന്‍ കാരണമായി.

ഡോളര്‍ സൂചിക ഇപ്പോഴും 103 എന്ന നിരക്കിലാണ്. ആഴ്ചകള്‍ക്ക് മുമ്പ് 110 വരെ ഉയര്‍ന്നിരുന്നു. ഡോളര്‍ മൂല്യം ഇടിഞ്ഞതോടെ മറ്റു കറന്‍സികള്‍ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങല്‍ കൂടിയിട്ടുണ്ട്. ഡോളര്‍ കരുത്ത് വര്‍ധിപ്പിച്ചാല്‍ സ്വര്‍ണവില നേരിയ തോതില്‍ കുറഞ്ഞേക്കും. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 87.07 ആണ്.

കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ നിരക്ക് 63520 രൂപയായിരുന്നു. ഫെബ്രുവരി 25നാണ് ഇതിന് മുമ്പ് സര്‍വകാല റെക്കോര്‍ഡ് വില രേഖപ്പെടുത്തിയത്. ഒരു പവന് 64600 രൂപയായിരുന്നു അന്ന് ഈടാക്കിയത്. ആ റെക്കോര്‍ഡ് മറികടന്നിരിക്കുകയാണ് ഇന്ന്. ഇതേ സാഹചര്യം തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ 65000 കടന്ന് കുതിക്കും.

അമേരിക്ക ഏപ്രിലില്‍ പലിശ നിരക്ക് കുറച്ചേക്കുമെന്നാണ് സൂചന. നിക്ഷേപ വരുമാനം കുറയുമെന്ന് കണ്ട് കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞേക്കും. മാത്രമല്ല, ഓഹരി വിപണിയിലും ഉണര്‍വുണ്ടാകാനാണ് സാധ്യത. ക്രൂഡ് ഓയില്‍ വിലയില്‍ നേരിയ മുന്നേറ്റം ഇന്ന് പ്രകടമാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് വീണ്ടും 71 ഡോളരിലേക്ക് അടുക്കുകയാണ്. എന്നാല്‍ ബിറ്റ് കോയിന്‍ വില 83000 ഡോളറിലേക്ക് ഇടിഞ്ഞു.

Tags:    

Similar News