ആശ വര്‍ക്കര്‍മാര്‍ക്ക് ജനുവരിയിലെ ഓണറേറിയം കുടിശിക കൂടി അനുവദിച്ച് സര്‍ക്കാര്‍; ഓണറേറിയം വര്‍ദ്ധിപ്പിക്കാന്‍ നടപടിയില്ല; സമരം അനസാനിപ്പിക്കില്ലെന്ന് ആശ വര്‍ക്കര്‍മാര്‍; സിഐടിയുവിനെ ഉപയോഗിച്ച് സമരം തകര്‍ക്കാനുള്ള ശ്രമം വിജയിക്കില്ലെന്നും സമരക്കാര്‍
ആശ വര്‍ക്കര്‍മാര്‍ക്ക് ജനുവരിയിലെ ഓണറേറിയം കുടിശിക കൂടി
തിരുവനന്തപുരം: സെക്രട്ടറേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം തുടരുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് ജനുവരിയിലെ ഓണറേറിയം കുടിശ്ശിക കൂടി അനുവദിച്ച് സര്‍ക്കാര്‍. ഇതോടെ മൂന്ന് മാസത്തെ കുടിശ്ശികയും സംസ്ഥാന സര്‍ക്കാര്‍ തീര്‍ത്തു. സെക്രട്ടറിയേറ്റ് പടിക്കല്‍ ആശാ വര്‍ക്കര്‍മാരുടെ സമരം തുടങ്ങി 18-ാം ദിവസമാണ് സര്‍ക്കാര്‍ നടപടി. ഇന്‍സെന്റീവിലെ കുടിശ്ശികയും കൊടുത്തുതീര്‍ത്തു. എന്നാല്‍ ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്ന് ആശ വര്‍ക്കര്‍മാരുടെ പ്രധാന ആവശ്യം ഇതുവരെ അംഗീകരിച്ചില്ല. അതിനാല്‍ സമരം തുടരുമെന്നും സമരക്കാര്‍ പറഞ്ഞു.
ആശമാരുടെ ആറ് ആവശ്യങ്ങളില്‍ ഒന്നാണ് കുടിശ്ശിക തീര്‍ക്കല്‍. 7000 രൂപയില്‍ നിന്ന് 21000 രൂപയായി ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കുമ്പോള്‍ അഞ്ചുലക്ഷം രൂപ പെന്‍ഷന്‍ അനുവദിക്കുക മുതലായ പ്രധാന ആവശ്യങ്ങളില്‍ ഇനിയും സര്‍ക്കാര്‍ തലത്തില്‍ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം തണുപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഓണറേറിയം കുടിശ്ശിക അനുവദിച്ചിരിക്കുന്നതെന്നും മറ്റു ആവശ്യങ്ങള്‍ കൂടി അനുവദിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ആശാവര്‍ക്കര്‍മാര്‍.
കുടിശ്ശിക തന്ന് തീര്‍ക്കേണ്ട ബാധ്യത സര്‍ക്കാരിന്റേതാണ്. അതില്‍ സര്‍ക്കാര്‍ വീമ്പ് പറയേണ്ടതില്ല. 232 രൂപയാണ് ഒരു ദിവസം കൂലിയായി ലഭിക്കുന്നത്. ഓണറേറിയം വര്‍ധിപ്പിക്കുക എന്നതാണ് പ്രധാന ആവശ്യം. ഞങ്ങള്‍ക്ക് തരാന്‍ ഫണ്ടില്ല, സര്‍ക്കാര്‍ കടത്തിലാണ് എന്ന് പറഞ്ഞിട്ട് ഒരു സുപ്രഭാതത്തില്‍ പിഎസ്സിക്കാര്‍ക്ക് ലക്ഷങ്ങള്‍ വാരിക്കോരി കൊടുക്കാന്‍ ഫണ്ട് എവിടെ നിന്നാണ് വന്നത്. സമരം നിര്‍ത്തില്ല. സിഐടിയുവിനെ ഉപയോഗിച്ച് സമരം തകര്‍ക്കാനുള്ള ശ്രമം വിജയിക്കില്ല. ആശാവര്‍ക്കര്‍മാര്‍ പറഞ്ഞു.