പന്തളം റോഡിലേക്ക് തിരിയുമ്പോൾ ഡ്രൈവർമാർക്ക് പേടി; രാത്രിയായാൽ പതിയിരിക്കുന്നത് വൻ അപകടം; ഭീഷണിയാകുന്നത് നടപ്പാതയിലെ ആ കൈവരി; മൗനം പാലിച്ച് അധികൃതർ
അടൂർ: കെപി റോഡിലൂടെ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർ ഒന്ന് ശ്രദ്ധിച്ചെ പോകൂ. അല്ലെങ്കിൽ പതിയിരിക്കുന്നത് വൻ അപകടം. വഴിയാത്രക്കാരുടെ സുരക്ഷയ്ക്ക് വെച്ചിരിക്കുന്നത് ഇപ്പോൾ കെണിപോലെ ആയ അവസ്ഥയാണ്. കെപി റോഡിൽ ഹൈസ്കൂൾ ജങ്ഷനു സമീപം പന്തളം റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് സുരക്ഷാ ഭീഷണി ഉയർത്തി നടപ്പാതയിലെ കൈവരി ഉള്ളത്.
ഈ റോഡ് വഴി നിരവധി വാഹനങ്ങളാണ് സദാസമയം കടന്നുപോകുന്നത്. അത്രയും തിരക്കേറിയ കെപി റോഡിലേക്ക് കൈവരി തള്ളിനിൽക്കുന്ന അവസ്ഥയാണ്. ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. ഇവിടെ നടന്ന ഒരു അപകട കാരണമാണ് കൈവരി റോഡിലേക്ക് വളഞ്ഞു പോയത്.
അതിവേഗത്തിൽ എത്തുന്ന വാഹനങ്ങൾ കൈവരിയുടെ അടുത്ത് എത്തുമ്പോഴാണ് പുറത്തേക്ക് തള്ളിനിൽക്കുന്നത് ശ്രദ്ധിക്കുക. ഇതു കാരണം ഡ്രൈവർമാർ പെട്ടെന്ന് വാഹനം വെട്ടിക്കുകയും ഇത് മൂലം വലിയ അപകടങ്ങൾ ഉണ്ടാകാനും സാധ്യത ഉണ്ട്. പിന്നെ മഴക്കാലമായാൽ ജീവന് തന്നെ ഭീഷണിയാണ്. അതുകൊണ്ട് രാത്രി ഇതുവഴി പോകാനും യാത്രക്കാർ മടിക്കുന്നു. സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി പെട്ടെന്ന് ഒരു നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.