ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവം; മുൻകൂർ ജാമ്യാപേക്ഷ തള്ളി; ഹോട്ടൽ നടത്തിപ്പുകാർ അറസ്റ്റിൽ; സംഭവം തൃശൂർ പെരിഞ്ഞനത്ത്
തൃശൂർ: പെരിഞ്ഞനത്ത് ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ പോലീസ് അറസ്റ്റ്. ഹോട്ടൽ നടത്തിപ്പുകാരെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. സെയിൻ ഹോട്ടൽ നടത്തിപ്പുകാരായ കയ്പമംഗലം സ്വദേശി ചമ്മിണിയിൽ വീട്ടിൽ റഫീക്ക് (51), കാട്ടൂർ പൊഞ്ഞനം സ്വദേശി ചിറക്കുഴി വീട്ടിൽ അസ്ഫീർ (44) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ മെയ് 25ന് ആയിരുന്നു സംഭവം. പെരിഞ്ഞനം കുറ്റിലക്കടവ് രായംമരക്കാർ വീട്ടിൽ ഉസൈബയാണ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് വിഷബാധയേറ്റ് മരിച്ചത്. സംഭവത്തിൽ 250 ഓളം പേർക്കാണ് അന്ന് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തിനുശേഷം പോലീസും ആരോഗ്യവിഭാഗവും ചേർന്ന് ഹോട്ടൽ അടപ്പിക്കുകയും നടത്തിപ്പുകാർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
തുടർന്ന് പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നു. എന്നാൽ പ്രതികളോട് അന്വേഷണ ഉദ്യോഗസ്ഥർ മുൻപാകെ കീഴടങ്ങാൻ കോടതി നിർദേശിച്ചു. ഇത് പ്രകാരം രണ്ട് പേരും കയ്പമംഗലം പോലീസിൽ കീഴടങ്ങുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ രണ്ട് പേരെയും കോടതി റിമാന്റ് ചെയ്തു.