മണ്ണാർക്കാട്ട് റബ്ബർ പുകപുരയില്‍നിന്ന് തീപടര്‍ന്ന് അപകടം; വീട് കത്തിനശിച്ചു; വ്യാപക നാശനഷ്ടം; ആളപായമില്ല
മണ്ണാര്‍ക്കാട്: റബ്ബര്‍ പുകപുരയില്‍നിന്ന് തീപടര്‍ന്ന് വീട് കത്തിനശിച്ചതായി വിവരങ്ങൾ. കുമരംപുത്തൂര്‍ പഞ്ചായത്തിലെ മൈലമ്പാടം കുമ്പളംപുഴയില്‍ ഐസകിന്റെ വീടിനാണ് തീപിടിച്ചത്. കഴുക്കോലും പട്ടികകളും കത്തിനശിച്ചു. അടുക്കളയിലെ പാചകതവാതക സിലിണ്ടറില്‍നിന്നും ഗ്യാസ് ചോര്‍ന്നെങ്കിലും അഗ്‌നിരക്ഷാസേനയുടെ സമയോചിത ഇടപെടലില്‍ വന്‍ അപകടം ഒഴിവായി.
വീടിന്റെ അടുക്കളയോടു ചേര്‍ന്നുള്ള റബ്ബര്‍ പുകപ്പുരയില്‍ ഷീറ്റുകള്‍ ഉണക്കാനിട്ടിരുന്നു. ഈ ഷീറ്റുകളിലേക്കാണ് തീ ആദ്യം പടര്‍ന്നത്. തുടര്‍ന്ന് ഓടിട്ട വീടിന്റെ പട്ടികക്കഷ്ണങ്ങളിലേക്കും തീ പടര്‍ന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് മണ്ണാര്‍ക്കാട് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി.
ഈ സമയം പാചകത്തിനായി ഉപയോഗിച്ചിരുന്ന രണ്ട് പാചക വാതക സിലിണ്ടറുകള്‍ അടുക്കളയിൽ ഉണ്ടായിരുന്നു. ഇതിലൊന്നില്‍നിന്ന് പാചകവാതകം ചോരാന്‍ തുടങ്ങിയിരുന്നു. സേനാംഗങ്ങള്‍ നടത്തിയ ഇടപെടലില്‍ സിലിണ്ടറിന്റെ പൊട്ടിത്തെറി ഒഴിവാക്കാനും സമീപ വീടുകളിലേക്ക് തീ പടരുന്നത് തടയാനും സാധിക്കുകയും ചെയ്തു.