റൂട്ട്കനാൽ ചികിത്സക്കിടെ സൂചി ഒടിഞ്ഞ് പല്ലിനിടയിൽ കുടുങ്ങി; നെടുമങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സാപിഴവ് സംഭവിച്ചെന്ന് വീട്ടമ്മയുടെ പരാതി; സൂചി നീക്കം ചെയ്യാന്‍ നിർദ്ദേശിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതർ

Update: 2024-12-06 12:29 GMT

തിരുവനന്തപുരം: നെടുമങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സാപിഴവ് സംഭവിച്ചെന്ന പരാതിയുമായി വീട്ടമ്മ. റൂട്ട്കനാൽ ചികിത്സയിൽ പിഴവ് സംഭിവിച്ചെന്ന ഗുരുതര ആരോപണമാണ് പരാതിക്കാരി ചൂണ്ടിക്കാട്ടുന്നത്. ചികിത്സക്കിടെ സൂചി ഒടിഞ്ഞ് പല്ലിനിടയിൽ ഇരിക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. നന്ദിയോട് പാലുവള്ളി സ്വദേശി ശിൽപ ആർ ആണ് പരാതിയുമായ് എത്തിയത്. സംഭവത്തിൽ നെടുമങ്ങാട് ജില്ല ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയിരിക്കുകയാണ്.

കഴിഞ്ഞ ഫെബ്രുവരി 2നാണ് ശിൽപ പല്ലുവേദനയെ തുടർന്ന് ജില്ല ആശുപത്രിയിൽ ചികിത്സ തേടിയത്. തുടര്‍ന്ന് മാർച്ച് 29 ന് റൂട്ട് കനാൽ ചികിത്സ നടത്തി.റൂട്ട് കനാല്‍ ചെയ്യുന്നതിന് മുന്‍പ് കേടായ ഭാഗം സൂചിപോലെയുള്ള ഉപകരണം വെച്ച് നീക്കം ചെയ്യുന്നതിനിടെയാണ് ഇതൊടിഞ്ഞ് മോണയുടെ ഇടയില്‍ കുടുങ്ങിപ്പോയത്. അന്ന് ഇക്കാര്യം ഡോക്ടര്‍ തിരിച്ചറിഞ്ഞില്ലെന്നാണ് പരാതിക്കാരി പറയുന്നത്.

പിന്നീട് വേദന സഹിക്കാനാകാതെ നെടുമങ്ങാട് ആശുപത്രിയില്‍ എത്തിയപ്പോള്‍ അവിടെ അത് ചെയ്യാന്‍ കഴിയില്ലെന്നും, മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടാനുമായിരുന്നു നിര്‍ദേശം. തുടർന്ന് ഇവർ മെഡിക്കല്‍ കോളേജിലെത്തി. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ നിന്നും നെടുമങ്ങാട് ആശുപത്രിയിലേക്ക് വീട്ടമ്മയെ തിരിച്ചയക്കുകയായിരുന്നു എന്നാണ് പറയുന്നത്.

അതേസമയം, ഇവര്‍ തിരികെ ആശുപത്രിയില്‍ എത്തിയില്ലെന്നാണ് നെടുമങ്ങാട് ആശുപത്രി സൂപ്രണ്ട് പറയുന്നത്. കഴിഞ്ഞ ദിവസമാണ് ഇവര്‍ വിഷയം സംബന്ധിച്ച് പരാതി നല്‍കിയത്. എന്നാൽ ഇത് ചികിത്സാപിഴവല്ല എന്നാണ് ആശുപത്രി അധികൃതരുടെ വാദം.

ചികിത്സക്കിടെ സംഭവിച്ച കാര്യം ഡോക്ടര്‍ ഉടനെ തന്നെ എക്സ്റേ എടുത്ത് അറിയിച്ചിരുന്നു. ഇത് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ ഇവര്‍ വരാതിരുന്നു എന്നുമാണ് ആശുപത്രി നല്‍കുന്ന വിശദീകരണം. വിഷയം സംബന്ധിച്ച് ആശുപത്രി അധികൃതരോട് ദന്തല്‍ സര്‍ജന്‍ വിശദീകരണം തേടിയിട്ടുണ്ട്. കേസുമായി മുന്നോട്ട് പോകുമെന്നാണ് പരാതിക്കാരിയായ ശില്‍പ അറിയിച്ചിരിക്കുന്നത്. 

Tags:    

Similar News