റെയില്‍വേപ്പാളങ്ങള്‍ക്കിടയില്‍ സോളാര്‍ പാനലുകള്‍ ഘടിപ്പിച്ച് ആദ്യമായി വൈദ്യുതി ഉത്പാദിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേ; 70 മീറ്റര്‍ നീളത്തില്‍ 28 പാനലുകളാണ് സ്ഥാപിച്ചത്; ബനാറസിലും കേരളത്തില്‍ കണ്ണൂരിലും പദ്ധതി നടപ്പാക്കി

Update: 2025-08-20 07:49 GMT

കണ്ണൂര്‍: പാളങ്ങള്‍ക്കിടയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പുതിയ പരീക്ഷണത്തില്‍ റെയില്‍വേ വിജയിച്ചു. വാരണാസിയിലെ ബനാറസ് ലോക്കോമോട്ടീവ് വര്‍ക്‌സിലെ വര്‍ക്ക്‌ഷോപ്പ് ലൈനിലാണ് 70 മീറ്റര്‍ നീളത്തില്‍ 28 പാനലുകള്‍ സ്ഥാപിച്ച് 15 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ചത്. തീവണ്ടി ഗതാഗതത്തിന് തടസ്സമാകാതെ, കാര്യക്ഷമമായി ഊര്‍ജ്ജം ലഭ്യമാക്കുന്ന പദ്ധതിയായി റെയില്‍വേ ഇത് വിശേഷിപ്പിക്കുന്നു.

രാജ്യത്തെ 2249 റെയില്‍വേ സ്റ്റേഷനുകളില്‍ ഇപ്പോള്‍ 309 മെഗാവാട്ട് സൗരോര്‍ജ്ജമാണ് ഉത്പാദിപ്പിക്കുന്നത്. ഇതില്‍ രാജസ്ഥാന്‍ മുന്നിലാണ് 275 സോളാര്‍ പ്ലാന്റുകളുമായി. കേരളത്തില്‍ നിലവില്‍ 13 പ്ലാന്റുകളുണ്ട്. 2030 ഓടെ 20 ഗിഗാവാട്ട് സൗരോര്‍ജ്ജ ഉത്പാദനം ലക്ഷ്യമിടുന്നതാണ് റെയില്‍വേയുടെ ദീര്‍ഘകാല പദ്ധതി.

ഈ പൈലറ്റ് പദ്ധതി വിജയകരമായതിനെ തുടര്‍ന്ന്, രാജ്യത്തെ എല്ലാ സോണുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കാലാവസ്ഥാ വ്യതിയാനത്തനുസരിച്ച് മാറ്റിസ്ഥാപിക്കാവുന്ന തരത്തില്‍ ശക്തിയും ദീര്‍ഘായുസ്സും ഉറപ്പാക്കിയാണ് പാനലുകള്‍ നിര്‍മിച്ചിരിക്കുന്നത്.

കേരളത്തിലെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലും സോളാര്‍ വൈദ്യുതി പദ്ധതിയുണ്ട്. സ്റ്റേഷന്റെ മേല്‍ക്കൂരയില്‍ സ്ഥാപിച്ച 284 പാനലുകളിലൂടെ 125 കിലോവാട്ട് ശേഷിയുള്ള പ്ലാന്റ് പ്രവര്‍ത്തിക്കുന്നു. ഇതില്‍നിന്ന് 120 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ച് പ്രതിദിനം ഏകദേശം 450 യൂണിറ്റ് വൈദ്യുതി ലഭ്യമാക്കുന്നു. സ്റ്റേഷന്റെ വൈദ്യുതി ഉപയോഗത്തിന്റെ മൂന്നില്‍ ഒരുഭാഗം ഇതിനുവഴി നിറവേറ്റപ്പെടുന്നു. ഹരിത ഊര്‍ജ്ജ നവീകരണത്തില്‍ പുതിയ വഴിത്തിരിവായാണ് പാളങ്ങളില്‍നിന്നുള്ള സോളാര്‍ വൈദ്യുതി പദ്ധതി കണക്കാക്കപ്പെടുന്നത്.

Tags:    

Similar News