മുന്‍ വിരോധം കാരണം അതിക്രമിച്ചു കയറി വെട്ടിയത് യുവതിയെ; തടയാന്‍ ശ്രമിച്ച മകളായ പന്ത്രണ്ടുകാരിയുടെ കൈയ്ക്ക് ഗുരുതര പരുക്കേറ്റു; പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി
പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി
പത്തനംതിട്ട : മുന്‍വിരോധത്താല്‍ വീട്ടില്‍ വെട്ടുകത്തിയുമായി അതിക്രമിച്ചകയറി യുവതിയെ വെട്ടിയപ്പോള്‍ തടഞ്ഞ 12 കാരിയായ മകള്‍ക്ക് വെട്ടേറ്റതിനെടുത്ത കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. കൂടല്‍ അതിരുങ്കല്‍ അഞ്ചുമുക്ക് പറങ്കാീ തോട്ടത്തില്‍ അനിയന്‍ കുഞ്ഞെന്ന ഗീവര്‍ഗീസ് തോമസ് (42) ആണ് ശിക്ഷിക്കപ്പെട്ടത്. പത്തനംതിട്ട അഡിഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ഒന്ന് ജഡ്ജി ജി പി ജയകൃഷ്ണന്‍ ആണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. പട്ടിക ജാതിപട്ടികവര്‍ഗവിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമത്തിലെ വകുപ്പ് പ്രകാരമാണ് ജീവപര്യന്തം ശിക്ഷിച്ചത്. ഗുരുതരമായി പരിക്കുകള്‍ ഏല്‍പ്പിച്ചതിനു 5 വര്‍ഷം കഠിന തടവും 50,000 രൂപയും, വീട്ടില്‍ അതിക്രമിച്ചുകടന്നതിനു 3 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷിച്ചു. ശിക്ഷാകാലയളവ് ഒരുമിച്ചു അനുഭവിച്ചാല്‍ മതിയാകും. പിഴത്തുക കുട്ടിക്ക് നല്‍കാനും, ഒടുക്കിയില്ലെങ്കില്‍ വസ്തുക്കളില്‍ നിന്നും കണ്ടുകെട്ടി നല്‍കാനുള്ള നടപടി സ്വീകരിക്കാനും വിധിയില്‍ പറയുന്നു.
2016 മാര്‍ച്ച് 18 രാവിലെ 10.30 നാണ് സംഭവം. സ്ഥലത്ത് സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കുന്ന പ്രതിയെപ്പറ്റി കൂടല്‍ പോലീസില്‍ വിളിച്ചറിയിക്കുമെന്ന് പറഞ്ഞ അയല്‍വാസി മേടക്കര വീട്ടില്‍ പ്രിയാദിലീപിനെയാണ് വെട്ടുകത്തിയുമായി ആക്രമിച്ചത്. കൂടാതെ, പ്രിയയും കുടുംബവും വീട് വിറ്റ് പോകാത്തതിലുള്ള മുന്‍വിരോധവും ആക്രണകാരണമായി. അസഭ്യം വിളിച്ചുകൊണ്ടു പ്രതി, കഠിന ദേഹോപദ്രവം ഏല്‍പ്പിക്കണമെന്ന ഉദ്ദേശത്തോടെ ഇവരുടെ പിടലിക്ക് വെട്ടുകയായിരുന്നു. ഈസമയം വീട്ടില്‍ യുവതിക്കൊപ്പം ഉണ്ടായിരുന്ന 12 കാരിയായ മകള്‍ കൈകള്‍ കൊണ്ട് തടഞ്ഞു. കൈകള്‍ക്ക് വെട്ടേറ്റു, ഇടതുകൈപ്പത്തിക്ക് താഴെ റിസ്റ്റിന്റെ ഭാഗത്ത് പ്രധാന ഞരമ്പ് മുറിഞ്ഞു മാറി. അതിന് താഴെയുള്ള അസ്ഥിക്ക് മുറിവും സംഭവിച്ചു. വലതു കൈവെള്ളഭാഗത്ത് ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്തു.
ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടി ഓപ്പറേഷന്‍ തിയേറ്ററില്‍ ആയതിനാല്‍ പോലീസിന് മൊഴി എടുക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന്, അമ്മയുടെ മൊഴി കൂടല്‍ അഡിഷണല്‍ എസ് ഐ ആയിരുന്ന വി ടി രാജു രേഖപ്പെടുത്തി പിറ്റേന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.കുട്ടിയുടെ കുടുംബം പട്ടിക വിഭാഗത്തില്‍പ്പെട്ടതിനാല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ കൂടിച്ചേര്‍ക്കപ്പെട്ട കേസ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ അടൂര്‍ ഡി വൈ എസ് പി റഫീഖ് ആയിരുന്നു. പ്രോസിക്യൂട്ടര്‍മാരായ അഡ്വ . ടി ഹരികൃഷ്ണന്‍, അഡ്വ ഹരി ശങ്കര്‍ പ്രസാദ് എന്നിവര്‍ കോടതിയില്‍ ഹാജരായായി. എ എസ് ഐ ആന്‍സി കോടതിനടപടികളില്‍ പങ്കാളിയായി.