എരുമേലിയില്‍ പുതിയ ക്ഷേത്ര നിര്‍മ്മാണത്തിന് അനുമതി നിഷേധം; സിപിഎം നേതൃത്വത്തിലുള്ള പഞ്ചായത്തിന് ഹൈക്കോടതി നോട്ടീസ്; അനുമതി നിഷേധിച്ചത് സാമുദായിക ഭിന്നത ഉണ്ടാകുമെന്ന വാദം നിരത്തി; ഭരണഘടനാ ലംഘനമെന്ന് ആക്ഷേപം
എരുമേലിയില്‍ പുതിയ ക്ഷേത്ര നിര്‍മ്മാണത്തിന് അനുമതി നിഷേധം
കൊച്ചി: എരുമേലിയില്‍ പുതിയ ക്ഷേത്രം നിര്‍മ്മിക്കാന്‍ അനുമതി നിഷേധിച്ച സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിക്കെതിരെ ശ്രീഭൂതനാഥ സേവാ സംഘം ചാരിറ്റബിള്‍ ട്രസ്റ്റ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ച് എതിര്‍കക്ഷിക്ക് നോട്ടീസ് അയക്കാന്‍ നിര്‍ദ്ദേശിച്ചു. ശ്രീഭൂതനാഥ സേവാ സംഘം ചാരിറ്റബിള്‍ ട്രസ്റ്റ് ഫൗണ്ടര്‍ ജോഷി പി, ട്രസ്റ്റി ആര്‍. വേണുഗോപാല്‍ വിജിതമ്പി എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചത്.
എരുമേലി തെക്ക് വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 24 ലെ വസ്തുവില്‍ ശബരിമല ധര്‍മ്മശാസ്താവിന്റെ പ്രധാന സേവകനും എരുമേലിയുടെ അധിപനുമായ ശ്രീ വാവരുസ്വാമിക്ക് ക്ഷേത്രം നിര്‍മ്മിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ശ്രീഭൂതനാഥ സേവാ സംഘം ചാരിറ്റബിള്‍ ട്രസ്റ്റ് കെ സോഫ്റ്റ് വഴി എരുമേലി ഗ്രാമപ്പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചുവെങ്കിലും പഞ്ചായത്ത് ഭരണസമിതി പ്രത്യേക യോഗം കൂടി അപേക്ഷ തള്ളിക്കളയുകയായിരുന്നു. തുടര്‍ന്നാണ് ട്രസ്റ്റ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
സാമുദായികപരമായി ഭിന്നതയുണ്ടാകുമെന്ന വാദം നിരത്തി ഏകപക്ഷീയമായി ക്ഷേത്രനിര്‍മ്മാണത്തിനുള്ള അനുമതി പഞ്ചായത്ത് ഭരണസമിതി നിഷേധിക്കുകയായിരുന്നുമെന്നും ഇതുമായി ബന്ധപ്പെട്ട് എതെങ്കിലും വിധത്തിലുള്ള തെളിവുകള്‍ ചൂണ്ടിക്കാണിക്കുകയോ അപേക്ഷകരായ തങ്ങളെ കേള്‍ക്കുകയോ പോലും പഞ്ചായത്ത് ചെയ്തില്ലെന്നും ഹര്‍ജിയില്‍ ട്രസ്റ്റ് ചൂണ്ടിക്കാട്ടി. ക്ഷേത്ര നിര്‍മ്മാണം നിഷേധിക്കുക മൂലം ഭരണഘടനാ ലംഘനമാണ് എരുമേലി പഞ്ചായത്ത് ഭരണ സമിതി നടത്തിയത്. ക്ഷേത്രനിര്‍മ്മാണത്തിന് അനുമതി നല്‍കാന്‍ എരുമേലി പഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കണമെന്നും ഇവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നോട്ടീസ് അയക്കാന്‍ നിര്‍ദ്ദേശിച്ചു.