സ്പീക്കറുടെ കസേരയില്‍ തൊടാന്‍ പാടില്ലായിരുന്നു; വികാരത്തള്ളിച്ചയില്‍ സംഭവിച്ച ഒരു കൈപ്പിഴ; നിയമസഭയിലെ കയ്യാങ്കളിയില്‍ ജലീലിന് പശ്ചാത്താപം
അതൊരു അബദ്ധമായി പോയെന്ന് തിരിച്ചറിവ്
മലപ്പുറം: 2015 ല്‍, കെ എം മാണിയുടെ ബജറ്റവതരണത്തിനിടെ നിയമസഭയില്‍ ഉണ്ടായ കയ്യാങ്കളിക്കിടെ, സ്പീക്കറുടെ കസേര തള്ളിയിട്ടത് അബദ്ധമായി പോയെന്ന് കെ.ടി. ജലീല്‍ എംഎല്‍എ. വിവാദമായ അധ്യാപക ദിന പോസ്റ്റിനു താഴെ വന്ന കമന്റിനു മറുപടിയായാണ് ജലീലിന്റെ കമന്റ്. ''ഞാന്‍ ആ കസേരയില്‍ തൊടാന്‍ പാടില്ലായിരുന്നു. അതൊരു അബദ്ധമായിപ്പോയി. മനുഷ്യനല്ലെ. വികാരത്തള്ളിച്ചയില്‍ സംഭവിച്ച ഒരു കൈപ്പിഴ'' എന്നാണ് ജലീലിന്റെ കമന്റ്.
ബാര്‍ക്കോഴ വിവാദവേളയില്‍ കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താന്‍ അന്ന് പ്രതിപക്ഷത്തായിരുന്ന എല്‍.ഡി.എഫ്. നിയമസഭയില്‍ രംഗത്തിറങ്ങുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിപക്ഷ എം.എല്‍.എമാര്‍ സ്പീക്കറുടെ ചെയര്‍ ഉള്‍പ്പെടെയുള്ളവ നശിപ്പിച്ചു.
അതേസമയം, ജലീലിന്റെ കമന്റിന് പ്രതികരണവുമായി കോണ്‍ഗ്രസ് മുന്‍ എം.എല്‍.എ. വി.ടി. ബല്‍റാം രംഗത്തെത്തി. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് സ്വയം റിട്ടയര്‍മെന്റ് പ്രഖ്യാപിച്ചതിന് ശേഷമാണെങ്കിലും ജലീലിന്റെ ഈ കുറ്റസമ്മതത്തിന് പ്രസക്തിയുണ്ട്. സമാനമായ ഒരു തിരിച്ചറിവ് ഉത്തരവാദപ്പെട്ട മറ്റ് സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്കും തോന്നിയാല്‍ അതെത്ര നന്നായേനെ! ഏതായാലും ശിവന്‍കുട്ടിയില്‍ നിന്നും ജയരാജനില്‍ നിന്നുമൊന്നും കേരളം അതൊരു കാലത്തും പ്രതീക്ഷിക്കുന്നില്ല. ബുദ്ധിജീവിയും അക്കാദമീഷ്യനുമായ ഡോ. തോമസ് ഐസക്കെങ്കിലും നിയമസഭയിലെ സ്വന്തം അഴിഞ്ഞാട്ടത്തെ തള്ളിപ്പറയാന്‍ തയ്യാറാവുമോ എന്നാണ് അറിയേണ്ടത്, ബല്‍റാം ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
നിയമസഭാ കയ്യാങ്കളി കേസില്‍ കെ.ടി. ജലീല്‍ പ്രതിയാണ്. 2015ല്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയ അന്നത്തെ ധനമന്ത്രി കെ.എം.മാണിയെ തടയാന്‍ വേണ്ടിയാണ് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ആക്രമണം നടന്നത്. ബാര്‍ കോഴ വിവാദത്തെ തുടര്‍ന്നായിരുന്നു പ്രതിഷേധം. കയ്യാങ്കളിയെ തുടര്‍ന്ന് നിയസഭയില്‍ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ജലീലിനു പുറമെ, മന്ത്രി വി.ശിവന്‍കുട്ടി, എല്‍ഡിഎഫ് കണ്‍വീനറായിരുന്ന ഇ.പി. ജയരാജന്‍, മുന്‍ എംഎല്‍എമാരായ സി.കെ. സദാശിവന്‍, കെ.അജിത്, കെ.കുഞ്ഞഹമ്മദ് എന്നിവരും കേസിലെ പ്രതികളാണ്.