നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി; ഒടുവില്‍ അറസ്റ്റിലായത് 76 കാരിയെ ആക്രമിച്ച് 2 പവന്‍ സ്വര്‍ണമാല കവര്‍ന്ന കേസില്‍; നാട്ടുകാര്‍ക്ക് നിരന്തരം ഭീതി സൃഷ്ടിച്ച 22 കാരനെ കാപ്പ പ്രകാരം കരുതല്‍ തടങ്കലിലടച്ചു

22 കാരനെ കാപ്പ പ്രകാരം കരുതല്‍ തടങ്കലിലടച്ചു

Update: 2025-05-24 17:23 GMT

പത്തനംതിട്ട: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും നാട്ടുകാര്‍ക്ക് നിരന്തരം ഭീതി സൃഷ്ടിക്കുകയും ചെയ്ത യുവാവിനെ കാപ്പനിയമപ്രകാരം കൂടല്‍ പോലീസ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലിലടച്ചു. കലഞ്ഞൂര്‍ കഞ്ചോട് പുത്തന്‍ വീട്ടില്‍ അനൂപി(22) നെയാണ് ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. നിലവില്‍ ഇയാള്‍ തിരുവനന്തപുരം സ്പെഷ്യല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയായിരുന്നു. 76 കാരിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ശേഷം 2 പവന്‍ സ്വര്‍ണമാല പൊട്ടിച്ചു കടന്നതിന് കൂടല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഒടുവില്‍ അറസ്റ്റിലായി ജയിലിലായത്. ജില്ലാ കളക്ടറുടെ കരുതല്‍ തടങ്കല്‍ ഉത്തരവ് ഇന്നലെ കൂടല്‍ പോലീസ് ഇന്‍സ്പെക്ടര്‍ സി എല്‍ സുധീറിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം സ്പെഷ്യല്‍ ജയിലിലെത്തി നടപ്പാക്കി.

ജില്ലാ പോലീസ് മേധാവിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടറുടെ ഈമാസം 17 ലെ ഉത്തരവ് പ്രകാരമാണ് ഇയാളെ കരുതല്‍ തടങ്കലിലാക്കിയത്. കാപ്പ നിയമം വകുപ്പ് 2(ു)(ശശശ) പ്രകാരം അറിയപ്പെടുന്ന റൗഡിയായ യുവാവിനെതിരെ കൂടല്‍ പോലീസ് ഇന്‍സ്പെക്ടര്‍ വിശദമായ റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവിക്ക് കൈമാറിയിരുന്നു. 2020 മുതല്‍ ഇയാള്‍ക്കെതിരെ 8 ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. കരുതല്‍ തടങ്കല്‍ ഉത്തരവിനായി കഴിഞ്ഞ വര്‍ഷവും ഇയാള്‍ക്കെതിരെ ശുപാര്‍ശ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചിരുന്നുവെങ്കിലും ഉത്തരവായിരുന്നില്ല. ഇതിനുശേഷവും ഇയാള്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍, രണ്ടാമതും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.

സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിര്‍ബാധം തുടര്‍ന്ന പ്രതി, ക്രിമിനല്‍ കുറ്റങ്ങളിലൂടെ പൊതുജനങ്ങള്‍ക്ക് നിരന്തരം ഭീതി സൃഷ്ടിച്ചുകൊണ്ടിരുന്നു. അടിപിടി, വീട് കയറി ആക്രമണം, മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, മോഷണം, സംഘം ചേര്‍ന്നുള്ള ആക്രമണം, കവര്‍ച്ച, സ്ത്രീകള്‍ക്കെതിരായ ആക്രമണം, കഞ്ചാവ് കച്ചവടം തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തുവരികയാണ് ഇയാള്‍. പൊതുജനങ്ങളുടെ സമാധാന ജീവിതത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനും ഭംഗം വരുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു വരികയുമായിരുന്നു.

ജില്ലാ കളക്ടറുടെ ഉത്തരവിനായി സമര്‍പ്പിക്കപ്പെട്ട ശുപാര്‍ശയില്‍ ആകെ 8 കേസുകളാണ് ഉള്‍പ്പെടുത്തിയത്. ഇതില്‍ ഏഴും കോടതിയില്‍ വിചാരണയിലിരിക്കുന്നവയാണ്, ഒരു കേസ് പോലീസിന്റെ അന്വേഷണത്തിലുള്ളതും. കൂടല്‍ പോലീസ് 2020 ല്‍ രജിസ്റ്റര്‍ ചെയ്ത ബൈക്ക് മോഷണമാണ് ഇയാളുടെ പേരിലുള്ള ആദ്യത്തെ ക്രിമിനല്‍ കേസ്. തുടര്‍ന്ന് ഏനാത്ത് കൂടല്‍, അടൂര്‍, പുനലൂര്‍ പോലീസ് സ്റ്റേഷനുകളിലെ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടു. വീട്ടില്‍ അതിക്രമിച്ചകയറി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ഉപദ്രവിച്ചതിന് ഏനാത്ത് സ്റ്റേഷനിലും, കഞ്ചാവ് വില്‍പ്പനയ്ക്കായി കൈവശം വച്ചതിന് കൂടല്‍ സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഉള്‍പ്പെടുന്നു.

സ്‌കൂളില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇളക്കിവെച്ച ഇരുമ്പ് ഗേറ്റും ഇരുമ്പ് സ്റ്റെയറും മോഷ്ടിച്ചതിനും, വീട്ടില്‍ നിന്ന് റബ്ബര്‍ ഷീറ്റ് അടിക്കുന്ന റോളര്‍ മോഷ്ടിച്ചതിനും അടൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളുണ്ട്. ബൈക്ക് മോഷ്ടിച്ചതിന് പുനലൂര്‍ പോലീസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്. വീട്ടില്‍ അതിക്രമിച്ചകയറി വീട്ടമ്മയുടെ മുക്കാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല കവര്‍ന്നതിന് കൂടല്‍ പോലീസ് കേസെടുത്തിരുന്നു. കഴിഞ്ഞമാസം 76കാരിയെ ആക്രമിച്ച് 2 പവന്റെ മാല കവര്‍ന്നതിന് കൂടല്‍ പോലീസ് പിടികൂടി ജയിലില്‍ അടച്ചു. ഈ കേസ് അന്വേഷണാവസ്ഥയിലാണുള്ളത്.

പുനലൂരിലെ ബൈക്ക് മോഷണത്തിന് പിടിയിലായി ജയിലില്‍ പ്രവേശിപ്പിക്കപ്പെട്ട അനൂപ്, പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് കുടലില്‍ വയോധികയെ ആക്രമിച്ച് രണ്ടു പവന്റെ സ്വര്‍ണമാല കവര്‍ന്നത്. ഒരു വര്‍ഷത്തേക്ക് നല്ല നടപ്പിന് ബോണ്ടിന് വേണ്ടി ഇയാള്‍ക്കെതിരായ റിപ്പോര്‍ട്ട് അടൂര്‍ എസ്ഡിഎം കോടതിക്ക് 2022 ല്‍ കൂടല്‍ പോലീസ് സമര്‍പ്പിച്ചിരുന്നു. അതില്‍ ഇയാള്‍ ബോണ്ട് വെച്ചുവെങ്കിലും, വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് ബോണ്ട് വ്യവസ്ഥകള്‍ ലഭിച്ചു. ജാമ്യത്തില്‍ ഇറങ്ങി വീണ്ടും കുറ്റകൃത്യങ്ങള്‍ ചെയ്ത് പൊതുജനങ്ങളില്‍ ഭീതി സൃഷ്ടിച്ച്, പൊതുസമാധാനത്തിന് ഭീഷണിയായി മാറുമെന്നുകണ്ടാണ് കൂടല്‍ പോലീസ് ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി ശുപാര്‍ശ സമര്‍പ്പിച്ചത്.

കാപ്പ നിയമം വകുപ്പ് 15 അനുസരിച്ച് നടപടിക്കായി 2022 ല്‍ തിരുവനന്തപുരം റേഞ്ച് ഡി ഐ ജിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന്, ഇയാള്‍ക്ക് ശക്തമായ താക്കീത് നല്‍കിയതാണ്. എന്നാല്‍ വീണ്ടും യുവാവ് കുറ്റകൃത്യങ്ങള്‍ തുടരുകയായിരുന്നു. 2024 ല്‍ കാപ്പ 3 പ്രകാരം ശുപാര്‍ശ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചത് ഉത്തരവാകാഞ്ഞതിനാല്‍ പിന്നീട് 3(ശ) പ്രകാരം ഉത്തരവിനായി പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. കരുതല്‍ തടങ്കല്‍ ഉത്തരവ് ഇന്നലെ കൂടല്‍ പോലീസ് നടപ്പിലാക്കി, പ്രതിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ അടച്ചു. ഉത്തരവ് നടപ്പാക്കിയ സംഘത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ക്കൊപ്പം എസ് സി പി ഓ അജേഷ്, സി പി ഓ ഹരി എന്നിവരാണ് ഉണ്ടായിരുന്നത്.

Tags:    

Similar News